അഴിമതിക്ക് പറ്റില്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുത്’, വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മാനന്തവാടി ആർടിഒ ഓഫിസിലെ സീനിയർ ക്ലർക്ക് പി.എ.സിന്ധുവിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്ത ഡയറിയിലെ വരികളാണിത്. ഓഫീസിലെ മേലുദ്യോഗസ്ഥരിൽ നിന്ന് താൻ നേരിട്ട മാനസിക പീഡനങ്ങളെ കുറിച്ച് എഴുതിയ ഡയറിയും കുറിപ്പുകളും കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെടുത്തത്.
സിന്ധുവിന്റെ മുറിയിൽ നിന്നാണ് ഡയറിയും എട്ട് പേജുള്ള കുറിപ്പുകളും പൊലീസിന് ലഭിച്ചത്. താൻ നേരിട്ട മാനസിക പീഡനവും ഓഫീസിലെ കൈക്കൂലി വാങ്ങുന്ന ജീവനക്കാരെ കുറിച്ചും സിന്ധു തന്റെ ഡയറിയിൽ എഴുതിയിരുന്നു. അഴിമതിക്ക് കൂട്ടുനിൽക്കാത്തവരെ മരണത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം നിലനിൽക്കുന്നതായി വ്യക്തമാക്കുന്നതാണ് കുറിപ്പുകൾ
മറ്റുള്ളവരുടെ കാപട്യം തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും കൈക്കൂലി വാങ്ങിയില്ലെങ്കിൽ നിങ്ങൾക്കു സ്വസ്ഥത ലഭിക്കില്ലെന്നും സിന്ധു കുറിച്ചിരുന്നു. ജോലി കൃത്യമായി ചെയ്യാനായി ദൈവത്തെ വിളിച്ചു കരഞ്ഞെന്നും ജോലി പോകുമോയെന്നു ഭയപ്പെട്ടിരുന്നുവെന്നും ഭിന്നശേഷിക്കാരിയായ സിന്ധു ഡയറിയിൽ കുറിച്ചു.
“പാറയുടെ മുകളിൽനിന്നു തള്ളിത്താഴെയിട്ടാൽ പെട്ടുപോകും. എന്നെ ആരെയെങ്കിലും തള്ളിയിട്ടാൽ ഞാൻ ഒറ്റപ്പെട്ടുപോകും. ഭക്ഷണം കിട്ടാതെ മരിക്കും. അതിനാൽ എനിക്കു പേടിയാണ്. ഞാൻ ഈ ലോകത്തോടു വിടപറയുന്നു” എന്നായിരുന്നു ഡയറിയിലെ അവസാന വാചകങ്ങൾ എന്നാണ് വിവരം.
തന്റെ മരണത്തിന് താൻ മാത്രമാണ് ഉത്തരവാദിയെന്നും വീട്ടുകാർ നിരപരാധികൾ ആണെന്നും സിന്ധു കുറിച്ചിരുന്നു.
ബുധനാഴ്ച രാവിലെയാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) വിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സഹോദരൻ രംഗത്തെത്തുകയായിരുന്നു. അവിവാഹിതയായ സിന്ധു സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്.
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമാണ് ആത്മഹത്യ എന്നായിരുന്നു സഹോദരൻ നോബിളിന്റെ ആരോപണം. മേലുദ്യോഗസ്ഥ ഫയലുകൾ പൂഴ്ത്തിവയ്ക്കുകയും താങ്ങാവുന്നതിൽ കൂടുതൽ ജോലി നൽകുകയും ചെയ്തതായി സിന്ധു പറഞ്ഞിരുന്നെന്ന് സഹോദരൻ പറഞ്ഞു.
ജീവനൊടുക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഓഫീസിൽ സുഖമായി ജോലി ചെയാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സിന്ധുവും സഹപ്രവർത്തകരും വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ടിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിരിന്നു. എന്നാൽ രേഖാമൂലം പരാതി നൽകിയിട്ടില്ല എന്നായിരുന്നു ആർടിഒയുടെ വിശദീകരണം. അഴിമതിക്കാരെ വെച്ച് പൊറുപ്പിക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന പോലും വിലയില്ലാത്തതായെന്ന പ്രതികരണമാണ് മേലുദ്യോഗസ്ഥരിൽ നിന്നും ഉണ്ടായത്.
നിലവിൽ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ഉദ്യോഗസ്ഥ തലത്തിലെ അഴിമതി ഇത്തരം മരണങ്ങളിലൂടെ മാത്രം പുറത്തുവരുന്ന സാഹചര്യമാണ്. തത്ക്കാലം പ്രസ്താവനകൾ ഉണ്ടാവുകയല്ലാതെ സർക്കാർ തലത്തിലെ നടപടികൾ കാലം കഴിയുമ്പോൾ മരവിപ്പിക്കപ്പെടുകയാണ് പതിവ്. യൂണിയനുകളുടെ സമ്മർദ്ദത്തിൽ പ്രസ്താവനകൾ പിന്നീട് വിസ്മരിക്കപ്പെടും. വാർത്താ പ്രാധാന്യം നഷ്ടപ്പെടുന്നതോടെ പഴയപടി തുടരും.