ജപ്പാനോടാണ് ജര്‍മനിയുടെ കിടുക്കുന്ന തോല്‍വി. അര്‍ജന്റീനയെപ്പോലെ ആദ്യം ലീഡ് നേടിയശേഷം കൊലകൊമ്പൻമാർ അടിയറവ് പറയുകയായിരുന്നു. അര്‍ജന്റീനയെ പോലെ പെനാല്‍റ്റിയിലൂടെ ലീഡ് നേടിയാണ് ജര്‍മനി സത്യമായ കളിക്ക് കീഴടങ്ങിയത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാന്റെ വിജയം. ലികേ ഗുന്ദോഗൻ ജർമ്മനിക്ക് വേണ്ടി സ്കോർ ചെയ്തപ്പോൾ, റിറ്റ്സു ദൊവാനും ടകുമാ അസാനോയുമാണ് ജപ്പാന്റെ സ്കോറർമാർ. മത്സരത്തിന്റെ അവസാന 15 മിനിറ്റിലായിരുന്നു ജപ്പാന്റെ ഷോക്ക് ട്രീട്മെന്റ്. എഴുപത്തിയഞ്ചാം മിനിറ്റിലായിരുന്നു റിറ്റ്സു ദോവന്റെ സമനില ഗോൾ. ഗോളിൽ പകച്ചു നിന്ന ജർമ്മനിയുടെ വല ആറ് മിനിറ്റുകൾക്ക് ശേഷം ജപ്പാൻ വീണ്ടും കുലുക്കി. ടകുമാ അസാനോയുടേതായിരുന്ന് ഊഴം. തുടർന്ന് സമനിലയ്‌ക്കായി ജർമ്മൻ ഗോളി ഉൾപ്പെടെ ഇറങ്ങി കളിച്ചുവെങ്കിലും, ജപ്പാൻ പ്രതിരോധം ഭേദിക്കാൻ സാധിക്കാതെ വന്നതോടെ, അനിവാര്യമായ പതനം ഏറ്റുവാങ്ങുകയായിരുന്നു ജർമ്മനി.
വമ്പൻ ബ്രെയ്ക്ക്
മുപ്പത്തിമൂന്നാം മിനിറ്റില്‍ ഗുണ്ടോഗനിലൂടെയാണ് ബ്രെയ്ക്ക്. എഴുപത്തിയഞ്ചാം മിനിറ്റില്‍ ഡൊവാനാണ് ഒന്നാന്തരമൊരു ഗോളിലൂടെ ജര്‍മനിയെ ഞെട്ടിച്ച് ജപ്പാനെ ഒപ്പമെത്തിച്ചത്. അസാനോ പക്ഷെ ജേതാക്കളുടെ ഗ്ലാമറിനെ കാത്തിരുന്നില്ല. ജപ്പാന് അവിശ്വസനീയവും ആവേശോജ്വലവുമായ ജയം സമ്മാനിച്ചു. ഇത് തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ജര്‍മനി ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ റഷ്യയില്‍ മെക്സിക്കോയോടായിരുന്നു ജര്‍മനിയുടെ തോല്‍വി.
സൗദി അര്‍ജന്റീനയോട് ചെയ്തതുപോലെ ജപ്പാന്‍ ജർമ്മനിക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ഒന്നാന്തരം കോട്ടകെട്ടി. അതില്‍ ചെറിയ വിള്ളലുണ്ടാകുമ്പോള്‍ ഗോളിന് വഴിമുടക്കി ഗോണ്ടയും നിന്നു. അതിവേഗ പ്രത്യാക്രമണമായിരുന്നു ജപ്പാന്റെ മറുതന്ത്രം. അതില്‍ ജര്‍മന്‍ പ്രതിരോധമതില്‍ പലപ്പോഴും തകര്‍ന്ന് നിലംപരിശായി.
മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ജപ്പാനും ജര്‍മനിയും ആക്രമിച്ചാണ് കളിച്ചത്. എട്ടാം മിനിറ്റില്‍ തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് ജപ്പാന്‍ ഷൂട്ട് ചെയ്തു എങ്കിലും റഫറി ഓഫ് സൈഡ് കൊടി ഉയര്‍ത്തി. ജര്‍മന്‍ പ്രതിരോധത്തെ ഞെട്ടിച്ച മുന്നേറ്റമാണ് ജപ്പാന്‍ നടത്തിയത്. ആദ്യ പത്തുമിനിറ്റില്‍ ഒരു ഷോട്ട് പോലും ഗോള്‍ പോസ്റ്റിലേക്ക് ഉതിര്‍ക്കാന്‍ ജര്‍മനിയ്ക്ക് സാധിച്ചില്ല.
17-ാം മിനിറ്റില്‍ ജര്‍മനിയുടെ ആന്റോണിയോ റൂഡിഗറുടെ മികച്ച ഹെഡ്ഡര്‍ ജപ്പാന്‍ ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 20-ാം മിനിറ്റില്‍ ജോഷ്വാ കിമ്മിച്ചിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ജപ്പാന്‍ ഗോള്‍ കീപ്പര്‍ ഗോണ്ട തട്ടിയകറ്റി. ജപ്പാന്‍ ബോക്‌സിലേക്ക് മുന്നേറാന്‍ ജര്‍മന്‍ താരങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതെല്ലാം പ്രതിരോധനിര വിഫലമാക്കി. ജര്‍മനിയുടെ കരുത്ത് തിരിച്ചറിഞ്ഞ് അതിനനുസരിച്ച പ്രതിരോധമാണ് ജപ്പാന്‍ ഗ്രൗണ്ടില്‍ തീര്‍ത്തത്.
33-ാം മിനിറ്റില്‍ ജപ്പാന്‍ ഗോള്‍കീപ്പര്‍ ഗോണ്ടയുടെ ഫൗളിനെത്തുടര്‍ന്ന് ജര്‍മനിയ്ക്ക് പെനാല്‍റ്റി ലഭിച്ചു. ബോക്‌സിനകത്തുവെച്ച് ജര്‍മനിയുടെ റൗമിനെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത സൂപ്പര്‍താരം ഇല്‍കൈ ഗുണ്ടോഗന് തെറ്റിയില്ല. ഗോണ്ടയെ അനായാസം കബിളിപ്പിച്ച് ഗുണ്ടോഗന്‍ ജര്‍മന്‍ പടയുടെ ഈ ലോകകപ്പിലെ ആദ്യ ഗോള്‍ കുറിച്ചു. ഗോള്‍ നേടിയ ശേഷവും ജര്‍മന്‍ ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞില്ല. പക്ഷേ ജപ്പാന്‍ പ്രതിരോധം അവയെ സമര്‍ത്ഥമായി തന്നെ നേരിട്ടു. ഇന്‍ജുറി ടൈമില്‍ കൈ ഹാവെര്‍ട്‌സിലൂടെ ജര്‍മനി വീണ്ടും വലകുലുക്കിയെങ്കിലും റഫറി വാറിന്റെ സഹായത്തോടെ ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജപ്പാന്‍ പ്രതിരോധതാരങ്ങളെ സമര്‍ത്ഥമായി വെട്ടിമാറ്റി ജര്‍മന്‍ യുവഫുട്‌ബോളര്‍ മുസിയാല പോസ്റ്റിലേക്ക് വെടിയുതിര്‍ത്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 60-ാം മിനിറ്റില്‍ ഗോള്‍ സ്‌കോര്‍ ഗുണ്ടോഗന്റെ മനോഹരമായ ഷോട്ട് ജപ്പാന്‍ പോസ്റ്റിലിടിച്ച് തെറിച്ചപ്പോള്‍ ജര്‍മന്‍ പട അത് വിശ്വസിക്കാനാവാതെ തലയില്‍ കൈവെച്ചുപോയി.
69-ാം മിനിറ്റില്‍ തിരിച്ചടിക്കാനുള്ള സുവര്‍ണാസരം പകരക്കാരനായി വന്ന ജപ്പാന്റെ അസാനോ പാഴാക്കി. 70-ാം മിനിറ്റില്‍ ജര്‍മനിയുടെ ഗോള്‍ പോസ്റ്റിലേക്കുള്ള തുടര്‍ച്ചായ നാല് ഷോട്ടുകള്‍ രക്ഷപ്പെടുത്തിക്കൊണ്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ ഗോണ്ടെ ഏവരെയും ഞെട്ടിച്ചു. പിന്നാലെ ജപ്പാന്റെ വക തകര്‍പ്പന്‍ മുന്നേറ്റം. എന്‍ഡോയുടെ മികച്ച ഷോട്ട് തകര്‍പ്പന്‍ സേവിലൂടെ ജര്‍മന്‍ നായകന്‍ എന്‍ഡോ രക്ഷിച്ചെടുത്തു.
ജപ്പാനിലെ കുറിയ മനുഷ്യരുടെ വിസ്മയ നീക്കങ്ങൾ
75-ാം മിനിറ്റില്‍ ജര്‍മന്‍ ആരാധകരുടെ ആര്‍പ്പുവിളികളെ നിശബ്ദമാക്കിക്കൊണ്ട് ജപ്പാന്‍ സമനില ഗോളടിച്ചു. റിറ്റ്‌സു ഡൊവാനാണ് ജപ്പാന്‍ പടയ്ക്ക് വേണ്ടി ഗോളടിച്ചത്. മിനാമിനോയുടെ ഷോട്ട് ന്യൂയര്‍ രക്ഷിച്ചെങ്കിലും പന്ത് നേരെയെത്തിയത് ഡൊവാന്റെ കാലുകളിലേക്ക്. അനായാസം പന്ത് വലയിലെത്തിച്ച് ഡൊവാന്‍ ജപ്പാന്റെ വീരപുരുഷനായി. ജര്‍മനിയുടെ പേരുകേട്ട പ്രതിരോധതാരങ്ങളെ അമ്പരപ്പിച്ചാണ് ജപ്പാന്‍ ഗോളടിച്ചത്.
83-ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ചുകൊണ്ട് ജപ്പാന്‍ ജര്‍മനിയെ വീണ്ടും ഞെട്ടിച്ചു. ഇത്തവണ പകരക്കാരനായി വന്ന തകുമ അസാനോയാണ് ജപ്പാന് വേണ്ടി വലകുലുക്കിയത്. ലോങ് ബോള്‍ സ്വീകരിച്ച് ബോക്‌സിലേക്ക് മുന്നേറിയ അസാനോ ന്യൂയറെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. ജര്‍മന്‍ ആരാധകര്‍ കണ്ണീരില്‍ മുങ്ങിയപ്പോള്‍ ജപ്പാന്‍ ക്യാമ്പില്‍ ആഹ്ലാദത്തിന്റെ പരകോടി! അര്‍ജന്റീനയ്ക്ക് സംഭവിച്ചതുപോലെയൊരു വലിയ അട്ടിമറിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ ജപ്പാന് സാധിച്ചു. ഇന്‍ജുറി ടൈമില്‍ മികച്ച അവസരം ജര്‍മനിയ്ക്ക് ലഭിച്ചിരുന്നു. പക്ഷെ ഖത്തറിലെ കളിയും ഗതിയും പരമ്പരാഗത ആരാധ വിശ്വാസങ്ങളിൽ നിൽക്കുന്നില്ല.