ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം പൂര്‍ണമായും പിരിച്ചുവിട്ടു. കഴിഞ്ഞ 10ന് കേരള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പുതിയ കമ്മിറ്റിയെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിയുടെ കേരളത്തിലെ മുഴുവന്‍ സംഘടന സംവിധാനങ്ങളും പിരിച്ചുവിട്ടതായി എഎപി സംഘടന ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് അറിയിച്ചു.
2024-ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നടപടി. തിങ്കളാഴ്ച സംഘടനകാര്യ ജനറല്‍ സെക്രട്ടറി സന്ദീപ് പതക്ക് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പിലാണ് വിവരം കൈമാറിയത്. ഉടന്‍ തന്നെ പുതിയ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള അറിയിപ്പ് ഉണ്ടാകുമെന്നും കുറിപ്പില്‍ പറയുന്നു.
പിസി സിറിയക്കിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. പ്രധാന നേതാക്കളാരും പാര്‍ട്ടിയിലേക്ക് കടന്നു വരാത്തതിലടക്കം കേരള ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് ചേരുന്ന നേതൃയോഗത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ഒന്നും ചെയ്യാനാവാതെ സംസ്ഥാന നേതൃത്വം
കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ സാന്നിധ്യമായി മാറുകയെന്ന ലക്ഷ്യം ആം ആദ്മി പാര്‍ട്ടിക്കുണ്ട്. എന്നാല്‍ നിലവിലെ നേതൃത്വം ഏറെക്കുറെ നിർജ്ജീവ അവസ്ഥയിലായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ സാന്നിധ്യം ശക്തമാക്കുമ്പോഴും ഒരു ചലനവും ഇവിടെ ഉണ്ടാക്കാൻ കഴിഞ്ഞില്ല.
ജനുവരി പത്തിന് കേരളത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട നേതാക്കളെ ഡല്‍ഹിയില്‍ വിളിപ്പിച്ച് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സന്ദീപ് പതക്കിന്റെ നേതൃത്വത്തിലായിരുന്നു യോഗം. തുടര്‍ന്ന് സംഘടനാ നേതൃത്വത്തില്‍ വലിയ അഴിച്ചുപണിയുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.


