ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനി വിമാന കമ്പനികള്‍ക്ക് തീരുമാനിക്കാം. നിരക്ക് നിശ്ചയിക്കുന്നതിൽ സർക്കാർ ഏര്‍പ്പെടുത്തിയിരുന്ന പരിധി എടുത്തു മാറ്റി. കോവിഡ് കാലത്തെ നഷ്ടം നികത്താൻ വിമാന കമ്പനികളെ സഹായിക്കാൻ എന്നാണ് വിശദീകരണം.
വർധന ഓഗസ്റ്റ് 31 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ആഭ്യന്തര സര്‍വീസുകളിലെ വിമാനനിരക്ക് പരിധി ആഗസ്റ്റ് 31 മുതല്‍ എടുത്തുകളയുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിജ്ഞാപനം പുറപ്പെടുവിച്ചു.
വിമാനക്കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതിന് തൊട്ട് പിന്നാലെയാണ് സർക്കാർ നിയന്ത്രണം ഒഴിവാക്കി നൽകിയത്. കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട കമ്പനികള്‍ക്ക് നിരക്ക് പരിധി വെല്ലുവിളിയാണെന്ന് വിമാനക്കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഇന്ധനത്തിൻ്റെ പ്രതിദിന ആവശ്യകതയും വിലയും സൂക്ഷ്മമായി വിശകലനം ചെയ്തതിന് ശേഷമാണ് വിമാന ടിക്കറ്റ് നിരക്ക് പരിധി ഒഴിവാക്കാനുള്ള തീരുമാനമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ പറഞ്ഞു.


