സി.പി.എം. സംസ്ഥാന സമിതി യോഗത്തിൽ മന്ത്രിമാർക്കെതിരേ രൂക്ഷവിമർശനം. മന്ത്രിമാർ തീരുമാനം എടുക്കുന്നില്ലെന്നും എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നുവെന്നും കുറ്റപ്പെടുത്തൽ. ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകളാണ് സർക്കാരിൻ്റെ മുഖം.
എന്നാൽ ഈ വകുപ്പുകളിലാണ് കൂടുതൽ പരാതികൾ ഉയരുന്നതെന്ന് യോഗത്തിൽ ചിലർ വിമർശനം ഉയർത്തി.
സി.പി.എം. സംസ്ഥാന സമിതിയിലെ പ്രധാന ചർച്ച സർക്കാരിന് നകീയമുഖം നൽകുന്നതുമായി ബന്ധപ്പെട്ട കർമരേഖയായിരുന്നു. കർമപദ്ധതി സംബന്ധിച്ച രേഖയിലാണ് മന്ത്രിമാരെ പൊതുവിൽ വിമർശന വിധേയമാക്കുന്നത്.
സർക്കാരിൻ്റെ മൊത്തം പ്രവർത്തനം തൃപ്തികരമാണ്. എങ്കിലും മന്ത്രിമാരുടെ പ്രവർത്തനത്തിൽ പോരായ്മയുണ്ട് എന്നാണ് രേഖ. ബന്ധപ്പെട്ട വകുപ്പുകളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ മന്ത്രിമാർ വിമുഖത കാണിക്കുന്നു എന്നാണ് പ്രധാന കുറ്റപ്പെടുത്തൽ.
മന്ത്രിമാർ അവരുടെ വകുപ്പുകളിൽ തീരുമാനം എടുക്കാൻ മടി കാണിക്കുന്നു. എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിക്ക് വിടുന്ന രീതിയാണ് അവലംബിക്കുന്നത്. ഇത് ശരിയല്ല എന്നാണ് രേഖയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ മന്ത്രിമാർക്ക് രാഷ്ട്രീയവിഷയങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും രേഖയിലുണ്ട്.
നാൽപതോളം പേരാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്. പോലീസിനെതിരേയും മറ്റു പ്രധാന വകുപ്പുകൾക്കെതിരേയും രൂക്ഷവിമർശനമുയർന്നു. പോലീസിനെ സ്വതന്ത്രമായി കയറൂരി വിടുന്നത് ശരിയല്ല. ഇതാണ് പരാതികൾക്ക് ഇട നൽകുന്നത്.
പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോരായ്മയുണ്ട്. ഇതൊക്കെ ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാകുന്നു.
വിമർശകരുടെ മുഖ്യ ലക്ഷ്യം ആരോഗ്യ പൊതു മരാമത്ത് വകുപ്പുകൾ
ഒന്നാം പിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ അതിന്റെ അടുത്തുപോലും എത്തുന്ന പ്രവർത്തനം മന്ത്രിമാർ പൊതുവിൽ കാണിക്കുന്നില്ല. ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളാണ് സർക്കാരിന്റെ മുഖമായി പ്രവർത്തിക്കേണ്ടത്. എന്നാൽ ഈ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ പരാതികൾ ഉയരുന്നത് എന്നും സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു.