ആലപ്പുഴ- കണ്ണൂർ ട്രയിനിൽ യാത്രക്കാരിയുടെ ദേഹത്ത് തീ കൊളുത്തി. ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ വെച്ച്. D 1 കമ്പാർട്ട്മെന്റിലാണ് തീ പടർന്നത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പൊള്ളലേറ്റു. ട്രെയിന്‍ എലത്തൂര്‍ പാലത്തില്‍ എത്തിയപ്പോഴായിരുന്നു അക്രമം. കാറ്റില്‍ തീ ആളിപ്പടര്‍ന്നാണ് മറ്റ് യാത്രക്കാര്‍ക്ക് പൊള്ളലേറ്റത്. പരിക്കേറ്റവരില്‍ അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റു മൂന്നുപേര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
പെൺകുട്ടിക്ക് നേരെ ഉണ്ടായ ആക്രമമാണ് ഇതെന്നാണ് അറിയുന്നത്. രണ്ട് കുപ്പി പെട്രോളുമായി വന്ന ഒരാള്‍ പെണ്‍കുട്ടിയും കുടുംബവും ഇരുന്ന സ്ഥലത്ത് എത്തി ഉച്ചത്തില്‍ സംസാരിച്ച് ബഹളം വെക്കുകയും ഒരു കുപ്പി പെട്രോള്‍ ഇവര്‍ക്ക് നേരെ ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നെന്ന് പരിക്കേറ്റ ഒരാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം തീയിട്ട ആള്‍ ചങ്ങല വലിച്ച് ഇറങ്ങിയോടി എന്നും പരിക്കേറ്റയാള്‍ പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ടെന്നാണ് സൂചന.
പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയെ രക്ഷിച്ചത് ഒപ്പമുണ്ടായിരുന്ന യാത്രക്കാരാണ്. ട്രെയിൻ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. സ്ത്രീകൾക്കാണ് ഗുരുതരമായ പരിക്ക്. അക്രമിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പ്രാഥമിക വിവരം. ഇയാൾക്കായി തെരച്ചിൽ തുടങ്ങി.
അക്രമി ചുവന്ന ഷര്‍ട്ട് ധരിച്ച ആളാണിതെന്നാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്.റൂബി, അനിൽകുമാർ, അദ്വൈത്, സജിഷ, അശ്വതി എന്നിവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ.
ട്രെയിനിന് തീ പിടിച്ചു എന്നാണ് യാത്രക്കാര്‍ ആദ്യം കരുതിയത്. പിന്നീട് ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു. തീവണ്ടിക്ക് തീ കൊളുത്തി എന്ന നിലയ്ക്കും പ്രചാരണം ഉണ്ടായി. പെൺകുട്ടിക്ക് നേരെ വിദ്വേഷം ഉയരാൻ കാരണം എന്താണെന്ന് വ്യക്തമല്ല. പെട്രോൾ തത്സമയം ലഭിച്ചതും ദുരൂഹത പരത്തുന്നു.


