ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. (സിഇആര്‍ടി) മുന്നറിയിപ്പ്. ആന്‍ഡ്രോയിഡ് 10, ആന്‍ഡ്രോയിഡ് 11, ആന്‍ഡ്രോയിഡ് 12 ഓഎസ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ പ്രശ്നം ഉണ്ടെന്നാണ് അറിയിപ്പ്.
നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ ആന്‍ഡ്രോയിഡ് ഓഎസുകളില്‍ ഉണ്ടെന്ന് ഐ ടി മന്ത്രാലയത്തിന് കീഴിലുള്ള ഈ ഏജൻസി പറയുന്നു. ഇവ ദുരുപയോഗം ചെയ്താല്‍ മറ്റൊരാള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താനും, മറ്റ് രീതിയിലുള്ള സൈബറാക്രമണങ്ങള്‍ നടത്താനും സാധിക്കും.
ആന്‍ഡ്രോയിഡ് റണ്‍ ടൈം, ഫ്രേയിം വര്‍ക്ക് കംപോണന്റ്, മീഡിയാ ഫ്രെയിംവര്‍ക്ക്, കെര്‍നര്‍, മീഡിയാ ടെക്, ക്വാല്‍കോം എന്നിവയിലെ കംപോണന്റുകള്‍, ക്വാല്‍കോം ക്ലോസ്ഡ് സോഴ്‌സ് കംപോണന്റുകള്‍, സിസ്റ്റം എന്നിവയിലാണ് പ്രശ്‌നങ്ങള്‍ ഉള്ളതെന്ന് സിഇആര്‍ടി വ്യക്തമാക്കി.
ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ ഗൂഗിള്‍ ഈ മാസം ആദ്യം പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് അവതരിപ്പിച്ചിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം അതില്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ആന്‍ഡ്രോയിഡ് സെക്യുരിറ്റി ബുള്ളറ്റിന്‍ അവകാശപ്പെടുന്നത്.
ഇത് കൂടാതെ, ഗൂഗിള്‍ ക്രോം ഉപഭോക്താക്കള്‍ക്കും സിഇആര്‍ടി സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രോം ബ്രൗസറിലെ സുരക്ഷാ പ്രശ്‌നം ദുരുപയോഗം ചെയ്ത് മറ്റൊരാള്‍ക്ക് കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാനാവുമെന്നാണ് മുന്നറിയിപ്പ്.