അസ്വാഭാവിക മരണത്തിന് ഇരയായവരുടെ വസ്തുവകകൾ സൂക്ഷിച്ച ആർ ഡി ഓ ലോക്കറിൽ നിന്നും കോടികളുടെ സ്വർണ്ണവും ആഭരണങ്ങളും നഷ്ടപ്പെട്ടു. തിരുവനന്തപുരം ആര്‍.ഡി.ഒ. കോടതിയില്‍നിന്നും അസ്വാഭാവിക മരണ കേസുകളിൽ സൂക്ഷിക്കാൻ ഏല്പിച്ച പത്തു വർഷത്തോളമായുള്ള വസ്തുക്കളാണ് കവർച്ച ചെയ്യപ്പെട്ടത്.
ആത്മഹത്യ ചെയ്യുന്നവരുടെയും മരണകാരണം വ്യക്തമാകാത്ത സംഭവങ്ങളിലും ലഭിക്കുന്ന സ്വര്‍ണവും പണവുമാണ് ഇന്‍ക്വസ്റ്റിനു ശേഷം ആര്‍.ഡി.ഒ. കോടതികളില്‍ സൂക്ഷിക്കുന്നത്. തര്‍ക്കങ്ങളുള്ളപ്പോഴും അവകാശികളില്ലാത്തപ്പോഴും ഇവ ലോക്കറിലേക്കു മാറ്റുന്നതാണ് പതിവ്. ഇത്തരത്തില്‍ 2010 മുതല്‍ 2019 വരെ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്.
മോഷ്ടാക്കൾ ഉത്തരവാദപ്പെട്ടവർ തന്നെ
ലോക്കറുകള്‍ക്ക് കേടുപാടൊന്നുമില്ലാത്തതിനാല്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍തന്നെയാണ് മോഷണത്തിനു പിന്നിലെന്നാണ് പ്രാഥമിക പരിശോധനയിലെ നിഗമനം.
ലോക്കറിലുണ്ടായിരുന്ന 72 പവന്‍ സ്വര്‍ണവും 146 ഗ്രാം വെള്ളിയും 48500 രൂപയും നഷ്ടമായതായാണ് പേരൂര്‍ക്കട പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. കോടതി കേസുകള്‍ അവസാനിച്ച് ആര്‍.ഡി.ഒ.യ്ക്ക് അപേക്ഷ നല്‍കുമ്പോഴാണ് തൊണ്ടിമുതലുകള്‍ അവകാശികള്‍ക്ക് തിരികെ നല്‍കുന്നത്. എന്നാല്‍, പലപ്പോഴും ലക്ഷങ്ങള്‍ വിലമതിക്കുന്ന തൊണ്ടിമുതലുകള്‍ക്ക് പോലും അവകാശികള്‍ എത്താറില്ല. ഇത് സർക്കാർ ഉത്തരവാദിത്തത്തിലാണ്.
2010-ലെ ഒരു കേസിലെ തൊണ്ടിമുതല്‍ തിരികെ നല്‍കാന്‍ ലഭിച്ച അപേക്ഷയാണ് തട്ടിപ്പു കണ്ടെത്താന്‍ കാരണമായത്. ഈ അപേക്ഷപ്രകാരം ലോക്കറിന്റെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ട് ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോൾ സ്വര്‍ണം കണ്ടെത്താനായില്ല.
തുടര്‍ന്ന് സബ്കളക്ടര്‍ മാധവിക്കുട്ടി ലോക്കറുകളിലെ തൊണ്ടിമുതലുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടതോടെയാണ് വർഷങ്ങളായുള്ള മോഷണം കണ്ടെത്തുന്നത്.
1982 മുതല്‍ 2022 വരെയുള്ള 40 വര്‍ഷത്തെ തൊണ്ടിമുതലുകള്‍ സൂക്ഷിച്ചിരുന്ന ചെസ്റ്റുകളാണ് (പണവും സ്വര്‍ണവും സൂക്ഷിക്കുന്ന ലോക്കറുകള്‍) തുറന്ന് പരിശോധിച്ചത്. അപ്പോഴാണ് 2010 മുതല്‍ 2019 വരെയുള്ള ഒമ്പതുവര്‍ഷത്തെ തൊണ്ടിമുതലുകള്‍ നഷ്ടമായത് കണ്ടെത്തിയത്.
പ്രതികൾ ആരാവും, ചുമതല വഹിച്ചത് 26 പേർ
2019 മുതല്‍ ലോക്കറുകളുടെ ചുമതലയുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനാണ് പ്രാഥമിക തീരുമാനം. ലോക്കറുകളുടെ ചുമതലയുണ്ടായിരുന്ന അഞ്ച് സീനിയര്‍ സൂപ്രണ്ടുമാരെയാണ് ചോദ്യംചെയ്യുക. 2019-ന് ശേഷമാകാം സ്വര്‍ണം നഷ്ടപ്പെട്ടതെന്നാണ് വകുപ്പുതല അന്വേഷണസംഘത്തിന്റെയും പോലീസിന്റെയും നിഗമനം.
വര്‍ഷങ്ങളായി നടന്ന തട്ടിപ്പല്ലെന്നാണ് പ്രാഥമിക അന്വേഷണസംഘങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ചുരുങ്ങിയകാലം കൊണ്ട് തവണയായി സ്വര്‍ണം മുഴുവന്‍ കടത്തിയിരിക്കാമെന്ന് സംശയിക്കുന്നുണ്ട്.
സബ്കളക്ടറും എ.ഡി.എമ്മും അടങ്ങുന്ന സംഘമാണ് വകുപ്പുതല അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. പേരൂര്‍ക്കട പോലീസും ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ്.
ലോക്കറിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെയും ഈ വിഭാഗത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. മോഷണംപോയ വസ്തുവകകള്‍ സൂക്ഷിച്ച കാലഘട്ടത്തില്‍ ലോക്കറിന്റെ ചുമതല വഹിച്ചത് 26 സീനിയര്‍ സൂപ്രണ്ടുമാരാണ്. ആദ്യഘട്ട ചോദ്യംചെയ്യലിനു ശേഷം ആവശ്യമെങ്കില്‍ എല്ലാവരെയും ചോദ്യംചെയ്യും.
വിജിലന്‍സ് അന്വേഷിക്കും- മന്ത്രി
ആര്‍.ഡി.ഒ. കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് റവന്യൂ മന്ത്രി കെ.രാജന്‍ ശുപാര്‍ശ ചെയ്തു.
ലോക്കറില്‍ സീല്‍ ചെയ്ത് സൂക്ഷിച്ച സ്വര്‍ണവും പണവും നഷ്ടപ്പെട്ടെന്ന ആരോപണം അന്വേഷിക്കുന്നതിനാണ് വിജിലന്‍സിനു ശുപാര്‍ശ നല്‍കിയത്. പോലീസ് അന്വേഷണവും വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.


