നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും യൂറോകപ്പ് റണ്ണറപ്പായ ഇംഗ്ലണ്ടും രാത്രി 12.30 ന് ഏറ്റുമുട്ടും. പോർച്ചുഗലും മൊറോക്കോയും 8.30 ന്. വിശേഷണം ആവശ്യമില്ലാത്ത ടീമുകളാണ് നാലും. ഇന്നലത്തെ കളി കണ്ട പിരിമുറുക്കം തീരത്തവർക്ക് ഇന്നും യുദ്ധം നേരിൽ കാണേണ്ടി വരും. ആരു ജയിച്ചാലും മികച്ച ടീമുകളിലൊന്ന് പുറത്തായെന്ന സങ്കടം ബാക്കിയാകും.
പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് വരുന്നതെങ്കില്‍ സെനഗലിനെ തരിപ്പണമാക്കിയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തിയത്. കിക്കോഫ് അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30-ന്.
എംബാപ്പെയെന്ന വേൾഡ് കപ്പിൻ്റെ ഓമന
ക്വാര്‍ട്ടറില്‍ ഇറങ്ങുമ്പോള്‍ ഫ്രാന്‍സിന്റെ പ്രതീക്ഷകളത്രയും എംബാപ്പെയിലാണ്. അഞ്ചു ഗോളുമായി ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ലോകകപ്പിനിടെ പെട്ടെന്ന് നാട്ടിലേക്കു മടങ്ങിയ ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ് ഈ കളിയിൽ തിരിച്ചിറങ്ങും.
മൊറോക്കോ പോർച്ചുഗൽ
ജയിച്ചാല്‍ ലോകകപ്പ് ചരിത്രത്തില്‍ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാകും മൊറോക്കോ. 2006-നുശേഷം പോര്‍ച്ചുഗല്‍ സെമിയില്‍ എത്തിയിട്ടില്ല. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്താണ് പോര്‍ച്ചുഗല്‍ വരുന്നതെങ്കില്‍ കരുത്തരായ സ്‌പെയിനിനെ ഷൂട്ടൗട്ടില്‍ അട്ടിമറിച്ചാണ് മൊറോക്കോയുടെ വരവ്. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30-നാണ് കിക്കോഫ്.
റൊണാൾഡോ എന്ന ആവേശം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുമോ എന്ന് ഇനിയും ഉറപ്പില്ല. മത്സരത്തിലെ പ്രധാന ആകര്‍ഷണം റൊണാൾഡോ തന്നെയാണ്. സ്വിറ്റ്സര്‍ലന്‍ഡിനെതിരേ ക്രിസ്റ്റ്യാനോ ഇറങ്ങിയിരുന്നില്ല. ക്രൊയേഷ്യയെ സമനിലയില്‍ പിടിക്കുകയും, സ്‌പെയിനിനെയും ബെല്‍ജിയത്തെയും തോല്‍പ്പിക്കുകയും ചെയ്ത ഊർജമുണ്ട് പോർച്ചുഗലിൻ്റെ ആത്മവിശ്വാസത്തിൽ.


