Monday, August 18, 2025

ഇങ്ങനെയായാൽ വെള്ളരിയും കുമ്പളവും ചീരയും ഇനി ഗൾഫുകാരാവും; മലയാളി ടച്ചിൽ ഹരിത വിപ്ലവം

മലയാളിക്ക് ഗൾഫിൽ സ്വന്തമായി ഒരു പച്ചക്കറി കൃഷി സീസൺ ഉണ്ടായി വരികയാണ്

ഗൾഫിൽ മലയാളി കുടുംബങ്ങളുടെ പച്ചക്കറി വിപ്ലവം ആവേശകരമായി മുന്നേറുകയാണ്. മരുഭൂമി അത്ര വരണ്ടതല്ലെന്നാണ് മട്ടുപ്പാവുകളിൽ അവർ വിളയിച്ച കായ്കനികൾ പച്ചയ്ക്ക് പറയുന്നത്. വെള്ളരി, കുമ്പളം, ചീര, വഴുതിന, മുളക് മുതൽ ഞാലി പൂവനും ഷമാമും വരെ വിളവ് ഹരിതകേരളത്തെക്കാൾ സമൃദ്ധമാണ്. പല ഗൾഫ് രാജ്യങ്ങളിലും പച്ചക്കറി കൃഷി ചെയ്യുന്നവരുടെ സോഷ്യൽ മീഡിയ കൂട്ടായ്മകൾ വരെയുണ്ട്. വീട്ടമ്മമാർ മാത്രല്ല, വീട്ടിൽ ഇരിക്കുന്നവരുമല്ല. പലരും ജോലി കഴിഞ്ഞ് തിരിച്ചെത്തി ചെറിയ സമയത്തിനിടയിലും കൃഷി ആനന്ദമായി സ്വീകരിച്ചവരാണ്. വിനോദമായി തുടങ്ങിയ കൃഷി ഇപ്പോൾ കുടുംബകാര്യവുമാണ്.

കേരളത്തിൽ മട്ടുപ്പാവ് കൃഷിക്ക് സർക്കാർ പദ്ധതിക്കു കീഴിൽ ചട്ടിയും മണ്ണും വളവും ഒപ്പം തന്നെ മുളപ്പിച്ച ചെടിയും നൽകുന്നുണ്ട്. എന്നിട്ടും വിളവ് പ്രതീക്ഷയ്ക്ക് ഒപ്പമില്ല. കീടവും കാലാവസ്ഥയും വളപ്രയോഗവും എല്ലാം പ്രശ്നം.

എന്നാൽ ഗൾഫ് മലയാളികൾ തീർക്കുന്നത് അവരുടെ മാത്രം മുൻകൈയ്യിലുള്ള വിപ്ലവമാണ്. ഉപയോഗത്തിനായ് വാങ്ങുന്ന പച്ചക്കറികളുടെ വിത്തുകൾ നട്ടുനോക്കിയാണ് തുടക്കം. മുളപ്പിച്ച് കായ്പിച്ച് സ്വയം പരീക്ഷിച്ച് വിജയിച്ചവർ മാതൃകയായി. ഒപ്പം അലങ്കാര ചെടികളുടെ കൂട്ടത്തിൽ ഒന്നും രണ്ടും വിത്തുകൾ പാകി പരീക്ഷണം നടത്തിയവരുണ്ട്. അവരെല്ലാം ഇപ്പോൾ തഴച്ചു വളരുന്ന പച്ചക്കറികൾക്കൊപ്പം സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ്. മരുഭൂപ്രദേശങ്ങളിലെ തെളിഞ്ഞ ആകാശവും ചൂടും നാട്ടിലെക്കാൾ അനുകൂലമാണെന്നാണ് കണ്ടെത്തൽ. പച്ചക്കറികൾക്ക് ആവശ്യം അതാണ് കൂടെ മണ്ണും കരുതലും വേണം എന്നു മാത്രം.

നവംബറോടെയാണ് ഖത്തറിൽ പച്ചക്കറി സീസൺ ആരംഭിക്കുന്നു എന്നാണ് മലയാളി കണ്ടുപിടുത്തം. നേരത്തെ ആരും ഉപദേശിച്ചതല്ല. പരീക്ഷിച്ച് അനുഭവിച്ച് മനസിലാക്കിയതാണ്. ഗൾഫ് രാജ്യങ്ങളിൽ പൊതുവെ തണുപ്പ് തുടങ്ങുന്ന കാലം എന്നാണ് ഈ സീസൺ നിശ്ചയത്തിന് അർത്ഥം. രാജ്യങ്ങൾക്ക് അനുസരിച്ചും കാലാവസ്ഥ അനുസരിച്ചും മാസക്രമം നോക്കിയാൽ ഇത്തിരി മാറാം. എന്തായാലും ഏപ്രിൽ വരെ വിളകൾ തഴച്ചു വളരും. എല്ലാ സീസണിലും വളരുന്നവയും ഉണ്ടെന്നതും അനുഭവമാണ്. കറിവേപ്പില ഇതിന് ഉദാഹരണമാണെന്ന് ഖത്തറിൽ വീട്ടമ്മയായ ഷമ്മു ഷാനഹാസ് പറയുന്നു. ഏപ്രിൽ ആയതോടെ മറ്റു വിളകൾ എല്ലാം ചൂട് താങ്ങാനാവാതെ വാടി. എന്നാൽ ഫ്ലാറ്റിലെ പുറം വരാന്തയിൽ കറിവേപ്പില തെഴുത്തു നിന്ന അനുഭവം അവർ പങ്കു വെക്കുന്നു.

മണ്ണ് വില കൊടുത്ത് വാങ്ങിക്കയാണ് ചെയ്യുന്നത്. ഇന്ത്യൻ രൂപ 600 കൊടുത്താൽ 25 കിലോ മണ്ണ് കിട്ടും. ഗ്രോ ബാഗ് അല്ലെങ്കിൽ ചട്ടി അല്ലെങ്കിൽ പഴയ പാത്രങ്ങളും ഒഴിഞ്ഞ ജാറും ചാക്കും, ഏതിലായാലും വിത്തു വിതയ്ക്കാം. നാട്ടിലെ പോലെ കീടങ്ങളുടെ ആക്രമണം കുറവാണ്. നല്ല ചൂടായതിനാൽ കീടങ്ങൾക്ക് അത്ര എളുപ്പമല്ല അതിജീവനം. ഇത് ഒരേ വലിപ്പത്തിലും മികവിലും വിളവ് ലഭിക്കാൻ സഹായകമാണ്. കീടനാശിനി ഇല്ലാത്ത ഫലങ്ങൾ കിട്ടും

സബ്‌ന റയീസ് ഇത്തവണ വെള്ളരിയിലാണ് വിജയം കൊയ്തത്. പ്രതീക്ഷിച്ചതിലും അധികം വിളവ് ലഭിച്ചതിൽ അവർ ആശ്ചര്യവതിയുമായി. വില്ലയുടെ മുറ്റത്താണ് അവരുടെ കൃഷി. വില്ലയിലെ സൌകര്യത്തിൽ അവർ ജൈവ വളവും സ്വന്തമായി നിർമ്മിക്കുന്നുണ്ട്. അടുക്കളയിൽ ഉണ്ടാകുന്ന വേസ്റ്റും ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറി വളർത്താനായി ശേഖരിച്ച് പ്രയോജനപ്പെടുത്തുകയാണ്.

 നാട്ടിൽ കോളിജിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപികയായിരുന്നു. കുടുംബത്തിനൊപ്പം ഗൾഫിൽ എത്തിയതാണ്. ഇത്തവണ വേൾഡ് കപ്പ് വളണ്ടിയർ ഉത്തരവാദിത്തം കൂടി ഉണ്ടെങ്കിലും കൃഷി കൈവിടാൻ ഉദ്ദേശമില്ല. നാട്ടിലെക്കാൾ സമൃദ്ധമായാണ് വെള്ളരിയും കോവക്കയും വളർന്നു പടരുന്നത്. ഒരു വെള്ളരിക്ക് നൂറു രൂപ കൊടുക്കണം. ഇപ്പോൾ വാങ്ങിക്കാറില്ല. വെണ്ട രണ്ടു തരം ഉണ്ട്. ഫ്രഷ് എന്നതു മാത്രമല്ല ശരിക്കും ജൈവം കൂടിയായ പച്ചക്കറികൾ പാർപ്പിടത്തിലുണ്ട്.

നാട്ടിലെ പോലെ നിലത്ത് മണ്ണ് അല്ല. കോൺക്രീറ്റിന് മുകളിൽ വിലക്കു വാങ്ങിയ മണ്ണിട്ടാണ് നിലം ഒരുക്കുന്നത്. ഓരോ സീസണിലും വളങ്ങൾ ചേർത്ത് ഫലഭൂയിഷ്ഠമാക്കാം. മാത്രമല്ല കൃഷി തുടങ്ങുന്നതോടെ ജൈവാംശം കൂടുകയും ചെയ്യും. എന്നാൽ എല്ലാവരുടെയും സൌകര്യം ഇതല്ല. മുകൾ നിലകളിൽ താമസിക്കുന്നവർ വെളിച്ചം കിട്ടുന്ന ഭാഗത്ത് ഇൻഡോർ ആയോ വരാന്തയിലോ വിളകൾ നട്ടു പിടിപ്പിക്കുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയ കൂട്ടായ്മകൾ പരസ്പരം വിത്ത് കൈമാറുന്നുണ്ട്. സീസൺ തുടങ്ങുന്നതോടെ ഗ്രൂപ്പുകൾ ആക്ടീവ് ആകും. ആവർത്തന വിരസമായ അവസരങ്ങളിൽ പലർക്കും ഇത് പുതിയ പച്ചപ്പ് കൂടിയാണ്. ഇങ്ങനെ മലയാളിക്ക് ഗൾഫിൽ സ്വന്തമായി ഒരു പച്ചക്കറി കൃഷി സീസൺ ഉണ്ടായി വരികയാണ്. സർക്കാരും ഭരണ സംവിധാനങ്ങളും അറിയാത്ത നിശ്ശബ്ദ വിപ്ലവമാണിത്.

വീടും കുടുംബവുമായി ബന്ധപ്പെട്ട കൃഷി സങ്കല്പം ഒന്നും ഗൾഫ് രാജ്യങ്ങളിലെ ഭരണ സംവിധാനങ്ങൾക്ക് ഇല്ല. ഉള്ളവ സംഘടിതമായ വൻ സംവിധാനങ്ങളാണ്. പ്രത്യേകം ശീതീകരിച്ച സംവിധാനത്തിലാണ് ഇവ കൃഷി ചെയ്യപ്പെടുന്നത്. തദ്ദേശീയർക്ക് സർക്കാർ ആവോളം സഹായവും ഇതിനായി നൽകുന്നു. പരദേശികൾക്ക് പ്രത്യേക പദ്ധതികൾ ഒന്നുമില്ല. പക്ഷെ, മലയാളി സ്വയം വ്യത്യസ്തമായ ഒരു കൃഷി സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്

നേരത്തെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ദീർഘകാലത്തേക്ക് ജോലി ആവശ്യത്തിന് ഗൾഫിൽ എത്തുന്നവരാണ് ഇത്തരത്തിൽ ചെടികൾ വളർത്തിയിരുന്നത്. അത് അധികവും അലങ്കാര ചെടികൾ ആയിരുന്നു. അറബ് വീടുകളിൽ നിന്നും കടം കൊണ്ട ചെടികളുമായിരുന്നു. കേവലം അലങ്കാരം എന്നതിൽ നിന്നും മാറി ചിന്തിച്ച് തുടങ്ങിയാണ് മലയാളി മാതൃക തീർത്തത്. അടുക്കള തോട്ടത്തിൻ്റെ ഗൃഹാതുരത രുചിയിൽ മാത്രം ഒതുങ്ങിയില്ല. അതിനായി കൃഷി തന്നെ പരീക്ഷിക്കുന്നതിലും എത്തിച്ചു. അതിൻ്റെ വിജയം ആവട്ടെ ഇവിടങ്ങളിൽ ഒരു പുതിയ കാർഷിക സാധ്യത തുറക്കുകയുമാണ്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....