അരുണാചല്‍പ്രദേശിലെ തവാങ്ങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടിയന്തര സാഹചര്യങ്ങൾ ചർച്ച ചെയ്യും. സംഘര്‍ഷത്തെക്കുറിച്ച് മന്ത്രി ചൊവ്വാഴ്ച പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രസ്താവന നടത്തുന്നുണ്ട്. വിഷയം അടിയന്തരമായി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇരുസഭകളിലും നോട്ടീസ് നല്‍കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തവാങ്ങില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍മുണ്ടായത്. ഈ മേഖലയിലേക്ക് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത് എന്നാണ് റിപ്പോർട്ട്. യാങ്സെയിലെ ഇന്ത്യന്‍ പോസ്റ്റ് പിടിച്ചെടുക്കാനായിരുന്നു നീക്കം. പരിക്കേറ്റ ഒമ്പത് ഇന്ത്യന്‍ സൈനികര്‍ ചികിത്സയിലാണ്. ചൈനീസ് സൈനികര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.
മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ഇരു രാജ്യങ്ങളിലെയും സൈനിക കമാന്‍ഡര്‍മാരുടെ ഫ്‌ളാഗ് മീറ്റിങ്ങ് നടത്തി. 2020 ജൂണ്‍ 15-ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വനിലുണ്ടായ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ-ചൈന സൈനികര്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഗാല്‍വനില്‍ ചൈനീസ് സൈന്യത്തെ തുരത്തുന്നതിനിടെ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവൻ നഷ്ടമായിരുന്നു.
തവാങ് മേഖല ചൈന നേരത്തെ തന്നെ അവകാശവാദം ഉന്നയിച്ചിരുന്ന പ്രദേശമാണ്. ഇവിടെ 17,000 അടി ഉയരത്തില്‍ ഇന്ത്യ സ്ഥാപിച്ച പോസ്റ്റിലാണ് സംഘർഷം ഉണ്ടായത്. 2008-ലും സമാനമായ സംഘര്‍ഷം ഈ മേഖലയിലുണ്ടായിരുന്നു.


