ഇന്ത്യയിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രിം കോടതി. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രിം കോടതി പറഞ്ഞു. വിദേശ അധിനിവേശമെന്ന് വാദിച്ച് ഇത്തരത്തിൽ കരുതുന്ന ആയിരം സ്ഥലങ്ങളെ പുനർനാമകരണം ചെയ്യാൻ കമ്മീഷനെ വെക്കണമെന്നായിരുന്നു ഹർജി. ബിജെപി നേതാവായ അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്.
ഹിന്ദു എന്നതിൻ്റെ മഹത്വം മനസിലാക്കാൻ ശ്രമിക്കണമെന്ന് ഹരജിക്കാരനോട് കോടതി നിർദ്ദേശിച്ചു. കോടതി തീരുമാനം ശരിയാണെന്ന് ഹർജിക്കാരന് പിന്നീട് മനസിലാകുമെന്നും കോടതി പറഞ്ഞു. ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി പരിഗണിച്ച സുപ്രിം കോടതി ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് ചോദിച്ചു.
ഹർജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണോ ശ്രമമെന്ന് ഡിവിഷൻ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നാഗരത്ന ചോദിച്ചു. സമൂഹത്തിൽ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. ഹിന്ദു സംസ്കാരം ഏല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിത രീതിയാണ്. കേരളത്തിൽ ഹിന്ദു രാജാക്കന്മാർ മറ്റു മതങ്ങൾക്ക് ആരാധനയലങ്ങൾ പണിയാൻ ഭൂമി കൊടുത്ത ചരിത്രമുണ്ടെന്ന് ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് ഓർമ്മിപ്പിച്ചു.
തമ്മിൽ തല്ലാനായി ഇന്ത്യക്കാർക്ക് ഇടയിൽ ബ്രിട്ടീഷുകാർ സ്വീകരിച്ച നയമാണ് ഭിന്നിപ്പിച്ച് ഭരിക്കുക എന്നത്. അതിലേക്ക് വീണ്ടും മതങ്ങളെ വലിച്ചിഴക്കരുത് എന്നും കോടതി പറഞ്ഞു.


