ഇന്നു രാത്രി 12.30, അർജൻ്റീനയും ഹോളണ്ടും; കളിയിലെ കളികൾ ഓർക്കണം

കഴിഞ്ഞ 19 കളികളില്‍ അപരാജിതരായി വരുന്നവരാണ് നെതര്‍ലന്‍ഡ്സ്. ലോകഫുട്ബോളില്‍ കളിയഴകിൻ്റെ പട്ടാളമായ അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും മുഖാമുഖം വരികയാണ്. ക്ലാസിക് ഫുട്ബോളിൻ്റെ പൂരമാണ്. പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ മറികടന്നാണ് അര്‍ജന്റീന വരുന്നത്. അമേരിക്കയെ തകര്‍ത്താണ് നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടറിലെത്തിയത്. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ രാത്രി പത്തുമണി (ഇന്ത്യന്‍ സമയം 12.30)ക്കാണ് കിക്കോഫ്.

കളിയെന്താവും

ലൂയി വാന്‍ഗാല്‍ എന്ന തന്ത്രജ്ഞനായ പരിശീലകനു കീഴില്‍ മികച്ച പ്രകടനമാണ് നെതര്‍ലന്‍ഡ്സ് പുറത്തെടുക്കുന്നത്. ഇതിനകം മൂന്നുഗോള്‍ നേടിയ കോഡി ഗാക്പോയും സൂപ്പര്‍ താരം മെംഫിസ് ഡിപേയും ഫോമിലാണെന്നത് നെതര്‍ലന്‍ഡ്സിന് പ്രതീക്ഷയേറ്റുന്ന ഘടകമാണ്. പ്രതിരോധത്തിലെ വിള്ളലുകളാണ് ചെറിയൊരു ആശങ്ക. പ്രാഥമികറൗണ്ടില്‍ എക്വഡോര്‍ സമനിലയില്‍ പിടിച്ചത് നെതര്‍ലന്‍ഡ്സിന്റെ ഈ ആശങ്ക വെളിവാക്കുന്ന തെളിവാണ്.

പരിക്കേറ്റ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ തിരിച്ചുവരുന്നത് അര്‍ജന്റീനയ്ക്ക് പ്രതീക്ഷനല്‍കുമ്പോള്‍ റോഡ്രിഗോ ഡി പോളിന്റെ പരിക്ക് ആശങ്കയുമാകുന്നുണ്ട്. പേശികള്‍ക്ക് പരിക്കേറ്റ റോഡ്രിഗോ നെതര്‍ലന്‍ഡ്സിനെതിരേ കളിക്കുന്നകാര്യം സംശയത്തിലാണ്. ടീമിന്റെ ഊര്‍ജമായ ലയണല്‍ മെസ്സി ഇന്ദ്രജാലംപോലെ ഗോള്‍ കണ്ടെത്തുന്നതിനൊപ്പം ജൂലിയന്‍ അല്‍വാരെസ് തിളങ്ങുന്നതും അര്‍ജന്റീനയുടെ പ്രതീക്ഷയേറ്റുന്ന ഘടകമാണ്. 

ടീം സാധ്യത

  • നെതര്‍ലന്‍ഡ്സ്: നോപ്പര്‍ട്ട്, ടിംബര്‍, വാന്‍ഡെയ്ക്, നഥാന്‍ എക്കെ, ഡംഫ്രീസ്, ഡി യോങ്, ഡീ റൂണ്‍, ബ്ലിന്‍ഡ്, ക്ലാസന്‍, ഗാക്പോ, ഡീപെ
  • അര്‍ജന്റീന: മാര്‍ട്ടിനെസ്, മൊളീന, റൊമേറോ, ഒട്ടാമെന്‍ഡി, അക്യുന, എന്‍സോ, ഡി പോള്‍, മക്കാലിസ്റ്റര്‍, ഡി മരിയ, മെസ്സി, അല്‍വാരെസ്

അർജൻ്റീന പിന്നിട്ട പടയോട്ടം

ലോകകപ്പിലെ ഓരോ മത്സരങ്ങളും അര്‍ജന്റീനയ്ക്ക് നിര്‍ണായകമായിരുന്നു. തുടക്കം മുതല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയാണ് അജന്റീന കളിക്കുന്നത്. ടീമില്‍ ഒരു ഭാഗ്യപരീക്ഷണത്തിന് മുതിരാന്‍ പോലും അവര്‍ക്ക് അവസരം ലഭിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അര്‍ജന്റീനയ്ക്ക് മെക്‌സിക്കോയേയും പോളണ്ടിനേയും ഒരുപോലെ അതിജീവിക്കേണ്ടി വന്നു. ഉറച്ചുനിന്ന മെക്‌സിക്കന്‍ പ്രതിരോധക്കോട്ടയെ ഭേദിക്കാന്‍ മെസ്സിയും സംഘവും നന്നായി വിയര്‍പ്പൊഴുക്കി. തപ്പിത്തടഞ്ഞും ആശങ്കയുണര്‍ത്തിയുമുള്ള ഒന്നാം പകുതിയാണ് മെക്‌സിക്കോയ്‌ക്കെതിരേ അര്‍ജന്റീന കളിച്ചത്. ഒടുവില്‍ 64-ാം മെസ്സിയുടെ ഒരു ഇടംകാല്‍ ഷോട്ട് തന്നെ വേണ്ടിവന്നു പ്രതിരോധപ്പൂട്ട് പൊട്ടിക്കാന്‍. പത്ത് പേരും പ്രതിരോധത്തിലൂന്നി കളിച്ച പോളണ്ടിനേയും നിരന്തര ആക്രമണങ്ങളിലൂടെ അര്‍ജന്റീന കീഴടക്കി. പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ ഫിസിക്കല്‍ ഗെയിമിനേയും അവര്‍ അതിജീവിച്ചു. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ഓസ്‌ട്രേലിയ ആഞ്ഞുതുഴഞ്ഞപ്പോള്‍ അര്‍ജന്റീനന്‍ താരങ്ങള്‍ ശരിക്കും വിറച്ചു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ ചുറ്റിപ്പിടിച്ചാണ് അര്‍ജന്റീനന്‍ താരങ്ങള്‍ വിജയം ആഘോഷിച്ചത്. ഇത്തവണ അവർ എന്താവും

ഹോളണ്ട് ചില്ലറക്കാരല്ല

ക്വാര്‍ട്ടറില്‍ ഒരല്‍പം മുന്‍തൂക്കം നെതര്‍ലന്‍ഡ്‌സിന് തന്നെയാണ്. ഇരുടീമുകളും മുഖാമുഖം വന്ന ഇതുവരേയുള്ള കണക്ക് എടുത്തുനോക്കിയാലും മുന്‍തൂക്കം ഡച്ച് പടയ്ക്കാണ്. ഒമ്പത് മത്സരങ്ങളില്‍ നാല് എണ്ണത്തില്‍ അവര്‍ വിജയിച്ചു. മൂന്നെണ്ണത്തില്‍ അര്‍ജന്റീനയും. രണ്ടെണ്ണം സമനിലയായി. ലോകകപ്പില്‍ ഇതുവരെ അഞ്ച് മത്സരങ്ങളാണ് ഇരുവരും കളിച്ചത്. ഇതില്‍ ഇരുടീമുകള്‍ക്കും രണ്ട് വിജയങ്ങളും രണ്ട് തോല്‍വിയും. ഒരു മത്സരം സമനിലയിലും അവസാനിച്ചു.

ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെ മുന്നേറിയ അവര്‍ ഈ ലോകകപ്പില്‍ ഏറ്റവും ആധികാരികമായി കളിക്കുന്ന ടീമുകളില്‍ ഒന്നാണ്. പട്ടംപോലെ പറന്നുനടന്ന് കളിക്കുന്ന ടീം. അമേരിക്കയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറിലും അവര്‍ തങ്ങളുടെ മികവ് പൂര്‍ണമായും പുറത്തെടുത്തിട്ടില്ല. കളി വരുതിയിലാക്കി വിജയത്തിലേക്ക് നീങ്ങുന്ന ഓറഞ്ച് പട

പശ്ചിമ ജര്‍മനിയില്‍ 1974-ല്‍ നടന്ന ലോകകപ്പ്

ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ യൊഹാന്‍ ക്രൈഫിന്റെ മികവില്‍ എതിരില്ലാത്ത നാല് ഗോളിനാണ് അര്‍ജന്റീനയെ നെതര്‍ലന്‍ഡ്‌സ് തോല്‍പ്പിച്ചത്. അന്ന് ക്രൈഫ് ഇരട്ടഗോള്‍ നേടി.

അര്‍ജന്റീനയില്‍ നടന്ന 1978-ലെ ലോകകപ്പ്

അന്ന് ഇരുടീമുകളും കിരീടപ്പോരാട്ടത്തിലാണ് മുഖാമുഖം വന്നത്. മരിയോ കെംപസിന്റെ ഇരട്ടഗോളില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 3-1നായിരുന്നു ആതിഥേയരുടെ വിജയം.

ഫ്രാന്‍സില്‍ നടന്ന 1998-ലെ ലോകകപ്പ്

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചൊരു ഗോള്‍ കണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. 90-ാം മിനിറ്റില്‍ ഡെന്നീസ് ബെര്‍കാംപിന്റെ ആ ഗോളില്‍ അര്‍ജന്റീനയെ 2-1ന് തോല്‍പ്പിച്ച് ഡച്ച് ടീം സെമിയിലെത്തി.

ജര്‍മനിയില്‍ നടന്ന 2006-ലെ ലോകകപ്പ്

ഗ്രൂപ്പ് ഘട്ടത്തിലാണ് ഇരുടീമുകളും മുഖാമുഖം വന്നത്. ഗോള്‍രഹിത സമനിലയായിരുന്നു മത്സരഫലം.

ബ്രസീലില്‍ നടന്ന 2014-ലെ ലോകകപ്പ്

എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡച്ച് ആരാധകരെ സങ്കടത്തിലാഴ്ത്തി സെമി ഫൈനലില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു. നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും ഇരുടീമുകളും ഗോള്‍ നേടാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തി. 4-2ന് വിജയം അര്‍ജന്റീനയ്‌ക്കൊപ്പം നിന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...