ഇന്ന് വെള്ളിയാഴ്ച മൂന്ന് മണിക്ക് എല്ലാം പറയുമെന്ന് സ്വപ്ന സുരേഷ്. വാർത്താ സമ്മേളനത്തിൽ പ്രധാനമായ ശബ്ദ സന്ദേശം പുറത്തു വിടുമെന്നും സ്വപ്ന വ്യക്തമാക്കി. പാലക്കാട് വെച്ച് വാർത്താ സമ്മേളനം വിളിച്ചായിരിക്കും വെളിപ്പെടുത്തൽ എന്നാണ് പറഞ്ഞിരിക്കുന്നത്.
എന്നാൽ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിലും ഓഫീസിലും പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. 24 മണിക്കൂറും പോലീസ് വിന്യാസമുണ്ടാകും.
ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് സ്വപ്ന കോടതിയിൽ ഹർജി നൽകിയിരുന്നു. പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഷാജ് കിരൺ വന്നു പോയി എന്ന വെളിപ്പെടുത്തലിന് ശേഷം സ്വർണ്ണക്കടത്ത് കേസിൽ വലിയ തോതിലുള്ള ചർച്ചകളുയർന്നിരുന്നു. ആറ് മണിക്കൂറോളം ഷാജ് കിരൺ സ്വപ്നയ്ക്കൊപ്പം ഉണ്ടായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ ഓഫീസിൽ സിസിടിവി സ്ഥാപിക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്.
സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ മൊബൈൽ ഫോൺ തിരുവനന്തപുരത്തെത്തിച്ച് വിജിലൻസ് കോടതിയിൽ നൽകി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പുറമെ നിലവിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഉണ്ടോ എന്നായിരിക്കും അന്വേഷണ സംഘം പരിശോധിക്കുക എന്നാണ് നിലവിലെ വിലയിരുത്തൽ. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് എത്രയും പെട്ടെന്ന് തന്നെ നൽകുമെന്നാണ് അന്വേഷണ സംഘം പറഞ്ഞത്.