കേരളത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിപ്പിക്കാൻ പോയ സംഘത്തിലെ കർഷകനെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്.ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്.
ഇസ്രയേൽ ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നു 17നു രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെട്ടതായിരുന്നു. ഇതിനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യൻ വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാകുകയായിരുന്നു.
കയ്യിൽ പാസ്പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു. വിവരം ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചു. ഇസ്രയേൽ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ആളെക്കുറിച്ചു വിവരം ലഭിച്ചില്ല.
സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ഇന്ത്യൻ അംബാസഡർക്കും വിവരങ്ങൾ കൈമാറി. ഇസ്രയേലിലേക്കുള്ള എയർ ടിക്കറ്റിനുള്ള പണം ബിജു കുര്യൻ നൽകിയിരുന്നുവെങ്കിലും വീസ സർക്കാരിന്റെ അഭ്യർഥനപ്രകാരമുള്ളതാണ്. ഇതിനു മേയ് 8 വരെ കാലാവധിയുണ്ട്. ഇസ്രയേൽ പൊലീസ് തിരച്ചിൽ ആരംഭിച്ചു.


