Friday, February 14, 2025

ഇസ്രയേൽ സന്ദർശനത്തിനിടെ കാണാതായ കർഷകൻ്റെ തിരോധാനം ആസൂത്രിതം; യാത്ര സംഘത്തിൽ കയറിപ്പറ്റിയത് രണ്ടാമത്തെ ലിസ്ററിൽ

കേരളത്തില്‍ നിന്നും ഇസ്രായേലില്‍ പോയ കര്‍ഷകര്‍ തിരിച്ചെത്തി. 26 പേരടങ്ങുന്ന സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. സംഘത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബിജു കുര്യനെ കുറിച്ച് വിവരം ഒന്നുമില്ല. വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് ഇയാളെ കാണാതായതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. ഇസ്രായേൽ പൊലീസ് അന്വേഷണം തുടരുകയാണ്.

മന്ത്രിയും ഉദ്യോഗസ്ഥരും ഉൾപ്പെടെ 27 പേരാണ് ആദ്യ ലിസ്റ്റിൽ ഉണ്ടായിരുന്നത്. യാത്ര വിവാദമാക്കിയതോടെ മന്ത്രിയും ഉദ്യോഗസ്ഥരുമായി ഏഴ് പേർ പിൻവാങ്ങി. ഈ അവസരം ഉപയോഗിച്ചാണ് യാത്രാ സംഘത്തെ കബളിപ്പിച്ച് മുങ്ങിയ ബിജു കുര്യൻ ലിസ്റ്റിൽ കയറി പറ്റിയത്. ഇയാൾ കാര്യമായ വസ്ത്രങ്ങളോ മറ്റോ കൂടെ കരുതിയിരുന്നില്ല. അര ലക്ഷം രൂപ എത്തിയ ഉടനെ ഇസ്രയേലി കറൻസിയിലേക്ക് മാറ്റി കയ്യിൽ വെച്ചിരുന്നു.

മുങ്ങിയത് പ്രാദേശികമായ സഹായത്തോടെ, ഇവരുമായി നേരത്തെ തന്നെ പറഞ്ഞുറപ്പിച്ച നാടകം

തിരച്ചിലിനിടെ ബിജു കുര്യൻ വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിജു കുര്യനില്ലാതെയാണ് കര്‍ഷക സംഘം മടങ്ങിയത്. സന്ദര്‍ശനത്തിനിടയിലും യാത്രയിലും ബിജു ഇസ്രായേലിലെ ഏതോ സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. മാത്രമല്ല ഹോട്ടലിൽ നിന്നും ഇറങ്ങി ബസിൽ കയറുന്നതിന് ഇടയിലാണ് ഇയാൾ മുങ്ങിയത്. പൊതു വാഹനത്തിൽ കയറി രക്ഷപെടാൻ കഴിയില്ല. ക്യാമറ സംവിധാനം ഉണ്ട്. കാണാതായ സ്ഥലത്തെ റോഡിന് എതിർ വശത്ത് പണി നടക്കുന്നുണ്ട്. ഇതു വഴി നടന്ന് കാത്തു നിന്ന ഏതോ വാഹനത്തിൽ കയറി പോയി എന്നാണ് നിഗമനം. പുലരുവോളം പ്രവർത്തിക്കുന്ന ബാറുകളും ഹോട്ടലുകളും എല്ലാം പൊലീസ് അരിച്ചു പെറുക്കിയിരുന്നു.

ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്‍റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ്  ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. ഇവരില്‍ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യൻ  (48)  എന്ന കര്‍ഷകൻ സംഘത്തില്‍ നിന്നും മുങ്ങുകയായിരുന്നു. . ബിജുവിന്‍റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ട്. അതുവരെ ഇയാൾക്ക് ഇസ്രയേലിൽ തങ്ങാൻ തടസ്സമില്ല. അതു കഴിഞ്ഞാൽ നിയമപരമായി കഴിയില്ല. നാട്ടിൽ കുടുംബമുള്ള ഇയാൾക്ക് തിരിച്ചെത്തലും എളുപ്പമാവില്ല.

ഇസ്രായേലിലേക്കും തിരിച്ചും വിമാനടിക്കറ്റിന്  55,000 രൂപ സ്വയം മുടക്കിയാണ് ബിജു ആധുനിക കൃഷി രീതി പഠിക്കാൻ പോയത്. ഇരിട്ടി പായം സ്വദേശിയായ 48 വയസുള്ള ബിജു കുര്യൻ ഏതെങ്കിലും പ്രൊഫഷണൽ യോഗ്യതയുള്ള വ്യക്തിയുമല്ല. സംഭവത്തില്‍ ഇസ്രായേൽ പൊലീസിലും എംബസിയിലും സെക്രട്ടറി ബി അശോക് പരാതി നൽകി. ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി മന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

ഇസ്രയേൽ സന്ദർശക സംഘം നെടുംമ്പാശേരി വിമാനത്താവളത്തിൽ തിരിച്ചെത്തുന്നു

അമ്പരന്ന് കർഷകർ, അനുഭവങ്ങൾ പാഴായി

കർഷക സംഘം മടങ്ങിയത് നിരാശയോടെയാണ്. യാത്രയ്ക്ക് മുൻപ് തന്നെ വൻ വിവാദങ്ങൾ ഉയർത്തി തടയാൻ ശ്രമം ഉണ്ടായിരുന്നു. കർഷകൻ മുങ്ങി എന്ന നിലയിലേക്ക് വാർത്ത പിന്നീട് മാറി. ഇതോടെ യാത്രയുടെ ഉദ്ദേശവും പ്രയോജനവും ചർച്ച ചെയ്യപ്പെടുന്നത് ഇല്ലാതായി.

സഹകരണ കാർഷിക മാതൃകയിലും സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലും എല്ലാം വലിയ അനുഭവങ്ങളാണ് യാത്രയിലൂടെ ലഭിച്ചത് എന്നാണ് കർഷകർ പറയുന്നത്. കൂട്ടു കൃഷിയുടെ കമ്മ്യൂൺ മാതൃക പരീക്ഷിച്ച് കൊണ്ടാണ് ഇസ്രയേൽ വിജയത്തിലേക്ക് എത്തിയത്. ഇത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഒപ്പം വ്യക്തിഗതമായ പരീക്ഷണങ്ങളും മുന്നേറുന്നു. തികച്ചും ശാസ്ത്രീയമായ ഇടപെടലാണ് കാർഷക രംഗത്ത് ഉള്ളത്. ഇതിനായുള്ള സർക്കാർ ഏജൻസികൾ എല്ലാം തന്നെ പൂർണ്ണമായും പ്രവർത്തന ക്ഷമവും സമർപ്പണത്തോടെ പ്രവർത്തിക്കുന്നതുമാണ്. – കർഷകർ അനുഭവം പങ്കു വെച്ചു.

Share post:

spot_imgspot_img

Popular

More like this
Related

കെയുഡബ്ള്യു ജെ സംസ്‌ഥാന സമ്മേളനത്തിന് തുടക്കമായി

കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി. പാലാരിവട്ടം...

ഇന്ദിരാഗാന്ധിയുടെ വസതിയിലെത്തി കുറ്റപത്രം വായിച്ച വിദ്യാർഥി നേതാവ്

1977 സെപ്റ്റംബർ അഞ്ചിനായിരുന്നു സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ആ വിദ്യാർഥി മുന്നേറ്റം....

കറുപ്പ് പടർത്തുന്ന വയലറ്റ് പൂക്കൾ

വാടാമല്ലി പൂവുകൾ കാട് പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന സെമിത്തേരിയുടെ ദൃശ്യം...

ഗൾഫ് യാത്രികരെ പിഴിഞ്ഞ് വിമാനക്കമ്പനികൾ

തിരുവനന്തപുരം> ഗൾഫ് നാടുകളിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ അഞ്ച് ഇരട്ടിവരെ വർധനവ്....