ഇന്ത്യയുടെ സീനിയർ താരങ്ങൾക്കുപിന്നാലെ ജൂനിയർ അത്‌ലീറ്റുകളും ഉത്തേജകമരുന്ന് ഉപയോഗിച്ചതായി റിപ്പോർട്ട്. ഇതേത്തുടർന്ന് പരിശീലന ക്യാമ്പിലുണ്ടായിരുന്ന മൂന്ന് താരങ്ങളെ പുറത്താക്കി. മൂവരും ആഗസ്‌ത് ഒന്നിന് കൊളംബിയയിൽ നടക്കുന്ന ലോക ജൂനിയർ മീറ്റിൽ പങ്കെടുക്കേണ്ട ത്രോ താരങ്ങളാണ്. ഈ സാഹചര്യത്തിൽ ടീം പ്രഖ്യാപനം വൈകി.
ബർമിങ്‌ഹാമിൽ ഇന്നാരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസ് ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങൾ മരുന്നടിയിൽ കുടുങ്ങിയതിനുപിന്നാലെയാണ് മറ്റൊരു നാണക്കേട്. ലോക ജൂനിയർ മീറ്റിനായി പട്യാലയിൽ നടക്കുന്ന പരിശീലന ക്യാമ്പിലായിരുന്നു പിടിയിലായ മൂന്ന് അത്‌ലീറ്റുകളും.
ക്യാമ്പിലെ കൂടുതൽ താരങ്ങൾ മരുന്നടിച്ചോയെന്ന ആശങ്കയിലാണ് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ. ലോക ജൂനിയർ മീറ്റ് തുടങ്ങാൻ നാല് ദിവസം മാത്രമാണ് ശേഷിക്കുന്നത്. 45 അത്‌ലീറ്റുകളും 14 പരിശീലകരുമാണ് പട്യാലയിലെ ക്യാമ്പിലുണ്ടായിരുന്നത്.
ഇന്നലെ അന്തിമ ടീം പ്രഖ്യാപിച്ചപ്പോൾ അത്‌ലീറ്റുകളുടെ എണ്ണം 33 ആയി ചുരുങ്ങി. 18 പുരുഷന്മാരും 15 വനിതകളും. മലയാളികൾ ആരുമില്ല. ടീം കൊളംബിയയിൽ എത്തിയശേഷം ആരെങ്കിലും കുടുങ്ങിയാൽ നാണക്കേടാകുമെന്ന ആശങ്കയുണ്ട്. അതിനാൽ വിശദമായ പരിശോധനയ്‌ക്കുശേഷമാണ് അന്തിമ ടീം പ്രഖ്യാപിച്ചത്.
വൈകി പുറപ്പെട്ട് കൊളംബിയയിലെത്തിയാൽ അത്‌ലീറ്റുകൾ അവിടത്തെ അന്തരീക്ഷവുമായി എങ്ങനെ ഇണങ്ങിച്ചേരുമെന്ന സംശയം ബാക്കി. ക്യാമ്പിലുള്ളവർ പിടിയിലായത് അത്‌ലറ്റിക്‌സ് ഫെഡറേഷനെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര നേടിയ വെള്ളി മെഡലിന്റെ ശോഭ കെടുത്തുന്നതാണ് മരുന്നടി. കോമൺവെൽത്ത് ഗെയിംസിനായി ബർമിങ്‌ഹാമിലെത്തിയ ഇന്ത്യൻ സംഘവും ഇതോടെ സമ്മർദത്തിലായി. ടീമിലുണ്ടായിരുന്ന ഒരു മലയാളി അടക്കം മൂന്ന് സീനിയർ താരങ്ങൾ പുറത്തായി. അവസാനം കുടുങ്ങിയത് കേരളത്തിൽനിന്നുള്ള വനിതാതാരമായത് ഇവിടത്തെ പരിശീലകരെയും അത്‌ലറ്റിക്‌സ് അസോസിയേഷൻ ഭാരവാഹികളെയും അമ്പരപ്പിച്ചു.
സമീപകാലത്തൊന്നും ഒരു മലയാളി അത്‌ലീറ്റ് മരുന്നടിച്ചതിന് പിടിയിലായിട്ടില്ല. വിദേശത്തുനിന്ന് എത്തുന്ന മരുന്നുകളാണ് കുത്തിവയ്‌ക്കുന്നതിൽ ഏറെയും എന്നാണ് സൂചന. പരിശോധനകൾ കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്. ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ സമിതിയുടെ (നാഡ) പരിശോധനയെക്കുറിച്ചും ആക്ഷേപമുണ്ട്. കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടക്കുന്നില്ല. നടത്തുന്നതാകട്ടെ വളരെ ചുരുക്കം ചില താരങ്ങളിൽ മാത്രം.


