രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് പുതിയ ടേൺ നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു. സ്വന്തം വീടായ മാതോശ്രീയിലേക്ക് മാറി. രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് വസതി ഒഴിഞ്ഞത്.
മുഖ്യമന്ത്രി സ്ഥാനം വരും പോകും, എന്നാല്‍ യഥാര്‍ഥ സമ്പത്ത് എന്നത് ജനങ്ങളുടെ സ്‌നേഹമാണ്. കഴിഞ്ഞ രണ്ട് വര്‍ഷം ജനങ്ങളില്‍ നിന്ന് ഒരുപാട് സ്‌നേഹം ലഭിച്ചു. എംഎല്‍എമാര്‍ പറയുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണ്. ഏതെങ്കിലും എംഎല്‍എമാര്‍ക്ക് ഞാന്‍ മുഖ്യമന്ത്രിയായി തുടരുന്നത് പ്രശ്‌നമുണ്ടെങ്കില്‍ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിയാന്‍ ഞാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പഴയ ശിവസേനയും ഇപ്പോഴത്തേതും തമ്മില്‍ വ്യത്യാസമില്ല. ഹിന്ദുത്വവും ശിവസേനയും ഒന്നാണ്. ബാല്‍താക്കറെയുടെ പാരമ്പര്യം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2019-ല്‍ ഞങ്ങള്‍ മൂന്ന് പാര്‍ട്ടികളും ഒന്നിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനാണ് ശരദ് പവാര്‍ എന്നോട് പറഞ്ഞത്. എനിക്ക് ഒരു മുന്‍പരിചയവും ഉണ്ടായിരുന്നില്ല. എങ്കിലും മുഖ്യമന്ത്രി സ്ഥാനം ഞാന്‍ ഏറ്റെടുത്തു. ശരദ് പവാറും സോണിയാ ഗാന്ധിയും ഒരുപാട് സഹായിച്ചു. എന്നില്‍ അവര്‍ വിശ്വാസം പുലര്‍ത്തി…… ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രസംഗം പുറത്തു വിട്ടു.