ഉദ്യോഗസ്ഥർ അതിർത്തിയിൽ തടഞ്ഞ വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ നേരിട്ടെത്തി മന്ത്രി

മോട്ടോർ വാഹന വകുപ്പ് കേരള അതിർത്തിയിൽ തടഞ്ഞു വെച്ച് വട്ടം കറക്കിയ വിദേശ വിനോദ സഞ്ചാരികൾക്ക് തിരുവനന്തപുരത്ത് മന്ത്രിയുടെ നേതൃത്വത്തിൽ വരവേൽപ്പ്.

പതിനാറ് കാരവനുകളും 31 സഞ്ചാരികളുമായി തുര്‍ക്കിയിലെ ഇസ്താംബുളില്‍ നിന്ന് ഓസ്‌ട്രേലിയയിലെ ഡാര്‍വിനിലേക്ക് യാത്ര നടത്തുന്ന ഓട്ടോമൊബൈല്‍ എക്‌സ്‌പെഡിഷന്‍ എന്ന സംഘമാണ് കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ ആസ്വദിക്കാനെത്തിയത്. തിരുവനന്തപുരത്ത് എത്തിയ സംഘത്തെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്വീകരിച്ചു.

ഇവരെ കേരള അതിർത്തിയിൽ വാഹനത്തിൽ മോഡിഫിക്കേഷൻ വരുത്തി എന്ന പേരിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ചത് വാർത്തയായിരുന്നു. 1000 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടതായും പരാതിയുണ്ടായി. മണിക്കൂറുകൾ അതിർത്തിയിൽ നഷ്ടമായി മനംമടുത്താണ് സംഘം എത്തിയത്. വിനോദ സഞ്ചാര സംഘത്തെ ഉദ്യോഗസ്ഥർ തടഞ്ഞു വെച്ച വാർത്തയറിഞ്ഞ് തിരുവനന്തപുരത്ത് നിന്നു തന്നെ ഇടപെടൽ ഉണ്ടാവുകയായിരുന്നു.

കാരവൻ ടൂറിസം മറന്ന ഉദ്യോഗസ്ഥരെ കുറിച്ച് മിണ്ടാതെ മന്ത്രി

കാരവന്‍ യാത്രികരായ സഞ്ചാരികളുടെ സന്ദര്‍ശനം കേരളത്തിന്റെ കാരവന്‍ ടൂറിസം നയം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കോവിഡിനു ശേഷം വിദേശ സഞ്ചാരികളുടെ വലിയ തോതിലുള്ള വരവ് പ്രതീക്ഷിക്കുന്ന കേരളത്തിന് ആഗോള യാത്രസംഘത്തിന്റെ സന്ദര്‍ശനം പ്രതീക്ഷ പകരുന്നതാണ്. കേരളത്തിലേക്ക് വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്ത മന്ത്രി യാത്രാ ഷെഡ്യൂളില്‍ സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയതില്‍ നന്ദി പ്രകടിപ്പിച്ചു.

ഡിസംബര്‍ നാലിന് കേരളത്തിലെത്തിയ സംഘം ആലപ്പുഴയുടെ കായല്‍ സൗന്ദര്യവും ഹൗസ്‌ബോട്ടിലെ താമസവും ആസ്വദിച്ചു. പിറ്റേന്ന് കുമളിയും തേക്കടിയും സന്ദര്‍ശിച്ച് ബോട്ടിങ് സഫാരിയും നടത്തി.

ഈ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച യാത്രയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന് 16ഉം ജര്‍മ്മനി നിന്ന് 14 ഉം റഷ്യയില്‍ നിന്ന് ഒരാളും ഉള്‍പ്പടെ ആകെ 31 സഞ്ചാരികളാണുള്ളത്. ഒരു വര്‍ഷം നീളുന്ന യാത്രയില്‍ 17 രാജ്യങ്ങളിലൂടെ 50000 കിലോമീറ്ററാണ് സംഘം താണ്ടുക.

പത്ത് ടണ്‍ ഭാരമുള്ള 16 കാരവന്‍ വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. ഒരു ചെറുകുടുംബത്തിനു കഴിയാവുന്നതരത്തില്‍ രൂപമാറ്റം ഓരോ വാഹനങ്ങളില്‍ നടത്തിയിട്ടുണ്ട്. കിടക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വാഹനത്തില്‍ സൗകര്യമുണ്ട്. എല്ലാ വാഹനങ്ങളിലും സോളാര്‍ പാനലുകള്‍ ഉണ്ട്.

സംഘം ഇതിനോടകം തുര്‍ക്കി, ഇറാന്‍, ജോര്‍ജിയ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഒരുവര്‍ഷം കൊണ്ട് 18 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് തീരുമാനം. ഓസ്‌ട്രേലിയയില്‍ യാത്ര അവസാനിക്കും.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...