ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ കോൺഫ്രറൻസ്. രോഗ പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. യു.എന്നിന്റെ ഗ്ലോബൽ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനത്തിലെയാണ് കണക്കുകൾ
കോവിഡ് കാലം എയിഡ്സ് ബാധ കൂടി
കഴിഞ്ഞ രണ്ട് വർഷങ്ങളിലായുണ്ടായ കൊവിഡ് 19 പ്രതിസന്ധിയിൽ എച്ച്ഐവിക്കെതിരായ പ്രതിരോധം കുത്തനെ ഇടിഞ്ഞുവെന്നാണ് പഠനം. കൃത്യമായ രോഗപ്രതിരോധത്തിലെ അപാകതകൾ മൂലം ദശലക്ഷക്കണക്കിന് ജീവനുകളാണ് അപകടത്തിലാകുന്നത്. കാനഡയിലെ മോൺട്രിയലിൽ നടക്കുന്ന അന്താരാഷ്ട്ര എയ്ഡ്സ് കോൺഫറൻസിന് മുന്നോടിയായാണ് സാഹചര്യം വളരെ മോശമാണെന്ന് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് പുറത്തിറക്കിയത്.
പ്രതിരോധം മന്ദഗതിയിലാകുന്നത് വലിയ അപകടമാണെന്നും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും യുഎൻഎഐഡിഎസ് എക്സിക്യുട്ടീവ് ഡയറക്ടർ വിന്നി ബയനിമ മുന്നറിയിപ്പ് നൽകി.
6,50,000 എയ്ഡ്സ് മരണങ്ങളാണ് 2021-ൽ റിപ്പോർട്ട് ചെയ്തത്. 2025 ആകുമ്പോൾ പ്രതിവർഷ രോഗികളുടെ എണ്ണം 370,000 ആയി കുറയ്ക്കണം എന്നായിരുന്നു ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ ലക്ഷ്യം. എന്നാൽ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 2025 ആകുമ്പോൾ പ്രതിവർഷം പുതിയ അണുബാധ കേസുകളുടെ എണ്ണം 1.2 ദശലക്ഷത്തിലധികമാവുമെന്ന് വിന്നി ബയനിമ മുന്നറിയിപ്പ് നൽകുന്നു.


