എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന എകെ ബാലന്റെ പ്രസ്താവനക്കെതിരെ സിറോ മലബാർ സഭ. എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ആക്ഷേപിക്കാനുള്ള നീക്കം അപലപനീയമാണെന്ന് സിറോ മലബാർ സഭ പ്രതികരിച്ചു. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ നിഷേധിക്കാനാണ് നീക്കം. എകെ ബാലന്റെ പ്രസ്താവന പ്രതിഷേധാർഹമാണ്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ അഴിമതി നടക്കുന്നുവെന്ന് പാർട്ടി നേതാവ് ആക്ഷേപിക്കുന്നു. എ കെ ബാലൻ യാഥാർത്ഥ്യം പഠിക്കണമെന്നും സിറോ മലബാർ സഭ പ്രതികരിച്ചു.
രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കമാണ് എകെ ബാലന്റേതെന്ന് സഭ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തലങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്തി ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കാനും ശ്രമിക്കാതെയാണ് വിദ്യാഭ്യാസ ഏജൻസികളെ ആക്ഷേപിക്കുന്നതെന്നാണ് കുറ്റപ്പെടുത്തൽ.
സർക്കാർ അംഗീകൃത എയിഡഡ് സ്കൂളുകളിൽ വൻ കോഴ വാങ്ങി അധ്യാപകരെ നിയമിക്കയും ശമ്പളം സർക്കാർ കൊടുക്കയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ഒരു സർക്കാരും ഇതിനെതിരെ ശബ്ദം ഉയർത്തിയിരുന്നില്ല.