മണിപ്പൂരില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കുകി വനിതാ ഫോറം. ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്ത സമാധാനം മണിപ്പൂരിലില്ല. അടിയന്തര ഇടപെടല്‍ വേണമെന്ന് വനിതാ ഫോറം ആവശ്യപ്പെട്ടു.
അമിത് ഷാ താങ്കള്‍ ഞങ്ങള്‍ക്ക് സമാധാനം വാഗ്ദാനം ചെയ്തു. പക്ഷേ എവിടെ സമാധാനം? മുഖ്യമന്ത്രി ബിരേന്‍ സിംഗ് സ്വേച്ഛാധിപതി, എന്നിങ്ങനെ മുദ്രാവാക്യങ്ങളുമായാണ് കുക്കി വനിതാ ഫോറം അമിത് ഷായുടെ വസതിക്ക് മുന്നിലേക്ക് പ്രതിഷേധവുമായെത്തിയത്.
സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇടപെടല്‍ വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിച്ചവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. അമിത് ഷായുടെ സന്ദര്‍ശന ശേഷവും കലാപം നേരത്തെ പോലെ തുടരുകയാണ്. മുന്‍പ് കലാപം നടന്ന സ്ഥലങ്ങളില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കഴിഞ്ഞ ദിവസം മൂന്ന് പേര് കൂടി കൊല്ലപ്പെട്ടിരുന്നു. അമ്മയും നാലുവയസായ കുഞ്ഞു ആശുപത്രിയിലേക്കുള്ള വഴിയിൽ തീകൊളുത്തി കൊല്ലപ്പെട്ടു.
കഴിഞ്ഞ രണ്ട് രാത്രികളിലും സൈന്യവും കലാപകാരികളും തമ്മില്‍ വെടിവെയ്പുണ്ടായെന്നും സൈന്യം ഫലപ്രദമായി ചെറുത്തെന്നും ആര്‍മി വാര്‍ത്താക്കുറിപ്പിറക്കി. ജനവികാരം എതിരായതിനാല്‍ മുഖ്യമന്ത്രിയുടെ നില പരുങ്ങലിലാണ്. എന്നാൽ ഉത്തരവാദിത്തം നേർക്കുവരുന്നതിനെ മുഖ്യമന്ത്രിയെ മുൻ നിർത്തി ചെറുക്കുന്ന തന്ത്രമാണ്. ആഭ്യന്തരമന്ത്രാലയം അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
മണിപ്പൂരില്‍ നിന്നുള്ള നാഗ എംഎല്‍എമാരുടെ സംഘം ദില്ലിയിലെത്തിയിട്ടുണ്ടങ്കിലും അമിത്ഷായുമായി കൂടിക്കാഴ്ച അവസരം ലഭിച്ചില്ല. മെയ്തി കുകി വിഭാഗങ്ങളുടെ സമ്മര്‍ദ്ദത്തിനൊപ്പം മുഖ്യമന്ത്രി ബിരേന്‍സിംഗിനെ മാറ്റണമെന്നാണ് നാഗ വിഭാഗത്തിന്റെയും ആവശ്യം.


