ചോദ്യം ചെയ്യലിന് ശേഷം എ.കെ.ജി. സെന്റർ ആക്രമണക്കേസിലെ പ്രതിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെയാണ് അറസ്റ്റ് ചെയ്തത്. ജിതിൻ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
രാവിലെ ഒമ്പത് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐ.പി.സി. 436 സെക്ഷൻ 3 എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സ്ഫോടക വസ്തു എറിയാനായി വന്ന ചുവന്ന ഡിയോ സ്കൂട്ടർ സുഹൃത്തിന്റേതാണ് എന്ന് ഇയാൾ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്. മൺവിള സ്വദേശിയായ ജിതിൻ സ്ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു.
കഴിഞ്ഞ ജൂണ്‍ 30-ന് രാത്രി 11.30-ന് ആണ് സിപിഎം സംസ്ഥാന കമ്മിറ്റിയോഫീസായ എ.കെ.ജി സെന്ററിനെതിരേ ആക്രമണം നടന്നത്. ആരാണ് ഇതിന് പിന്നിലെന്ന ചോദ്യം ഉത്തരംകിട്ടാതെ തുടരുകയായിരുന്നു. കോണ്‍ഗ്രസാണ് ബോംബേറിന് പിന്നിലെന്ന് സിപിഎം നേതാക്കളെല്ലാം ആവര്‍ത്തിച്ചിരുന്നു. എന്നാൽ ഇതുവരെ പ്രതിയെ പിടികൂടാൻ സാധിക്കാത്തത് സമൂഹ മാധ്യമങ്ങളിൽ അടക്കം വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
ഡിയോ സ്കൂട്ടര്‍ ഗൗരീശ പട്ടം വരെ ജിതിൻ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. സ്കൂട്ടറിന് പിന്നിൽ ഗൗരീശ പട്ടം മുതൽ ഒരു കാറാണുള്ളത്. സിസിടിവി പരിശോധിച്ചപ്പോൾ ഇത് കെഎസ്ഇബിയുടെ ബോര്‍ഡ് വെച്ച കാറാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാര്‍ ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി. കാറിന്റെ ഡിക്കിയും അസാധാരണമായ നിലയിൽ തുറന്നിരിക്കുകയായിരുന്നുവെന്നും സിസിടിവിയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
സ്ഫോടക വസ്തു എറിയുന്ന സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണുന്ന സമയത്ത് ധരിച്ചിരുന്ന ടിഷര്‍ട്ട് കേന്ദ്രീകരിച്ചായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ വ്യക്തമല്ലാതിരുന്നതിനാല്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചാണ് ടിഷര്‍ട്ടിന്റെ പ്രത്യേകത കണ്ടെത്തിയത്.
അന്വേഷണത്തിൽ തലസ്ഥാനത്ത് ഈ ബ്രാൻഡിലെ 12 ടീഷര്‍ട്ടുകൾ വിറ്റുപോയെന്ന് വ്യക്തമായി. ഇവയിൽ ഒരു ടീഷര്‍ട്ട് വാങ്ങിയത് ജിതിൻ ആണെന്നും വ്യക്തമായി. സ്ഫോടക വസ്തുവുമായി ജിതിനെത്തിയത് ഡിയോ സ്കൂട്ടറിലാണ്. അതിന് ശേഷം സ്കൂട്ടർ പിന്നീട് ഓടിച്ചു പോയത് മറ്റൊരാളാണ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോൾ ഫോണിലെ വിശദാംശങ്ങൾ എല്ലാം മാറ്റിയ ശേഷമാണ് ജിതിനെത്തിയതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍.


