ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ഉത്തരാഖണ്ഡ്, ഗുജറാത്ത് സര്‍ക്കാരുകള്‍ രൂപവത്കരിച്ച സമിതികളുടെ നിയമപരതയെ ചോദ്യം ചെയ്ത് നൽകിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. സമിതി രൂപീകരിച്ച സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ നിയമപരമായ തെറ്റില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി .
അനൂപ് ബറാന്‍വാല്‍ എന്ന വ്യക്തിയാണ് സമിതി രൂപീകരണം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഭരണഘടനയുടെ 162-ാം അനുച്ഛേദ പ്രകാരമുള്ള അനുമതിയുടെ അടിസ്ഥാനത്തിലാണ് സമിതികള്‍ രൂപീകരിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.


