അഞ്ചു ചിത്രങ്ങൾ ഏപ്രിൽ ഒന്നിന് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം, പ്രഭാസ് ചിത്രം രാധേ ശ്യാം, ദുൽഖറിന്റെ ഹേ സിനാമിക, തിരുമാലി, മെമ്പർ രമേശൻ എന്നിവയാണ് വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ഏപ്രിൽ ഒന്ന് വെള്ളിയാഴ്ച സ്ട്രീമിംഗ് ചെയ്യുകയാണ്.
ഭീഷ്മപർവ്വം
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മപർവ്വം ഒടിടിയിലേക്ക്. ഏപ്രിൽ ഒന്നിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
രാധേ ശ്യാം
‘ബാഹുബലി’യിലൂടെ പാൻ ഇന്ത്യ താരമായി മാറിയ പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി റിലീസിനെത്തിയ ചിത്രത്തിൽ പൂജയാണ് പ്രഭാസിന്റെ നായികയായി എത്തിയത്. ഏപ്രിൽ ഒന്നിന് ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഹേ സിനാമിക
പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ‘ഹേ സിനാമിക’ മാർച്ച് 31ന് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യും. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിൽ അദിതി റാവുവും കാജൾ അഗർവാളുമാണ് നായികമാർ. മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു.
തിരിമാലി
യോദ്ധ സിനിമയ്‌ക്ക് ശേഷം നേപ്പാളിന്റെ കഥയുമായി എത്തിയ ചിത്രമാണ് തിരിമാലി. ബിബിൻ ജോർജ്, ധർമ്മജൻ, ജോണി ആന്റണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച തിരിമാലി ഏപ്രിൽ ഒന്നിന് മനോരമ മാക്സിൽ റിലീസ് ചെയ്യുകയാണ്. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക.
മെമ്പർ രമേശൻ ഒൻപതാം വാർഡ്
അര്‍ജ്ജുന്‍ അശോകന്‍ നായകനാവുന്ന ചിത്രമാണ് ‘മെമ്പര്‍ രമേശന്‍ ഒൻപതാം വാര്‍ഡ്’. ബോബന്‍ & മോളി എന്റര്‍റ്റൈന്‍മെന്സിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന ഈ കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ്. ഏപ്രിൽ ഒന്നിന് സീ5ൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.