ലോക വിദ്യാർത്ഥി ദിനമാണ് ഒക്ടോബർ 15. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഒക്‌ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ഔദ്ധ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2010 മുതൽ ഈ ദിനം വിദ്യാർത്ഥി ദിനമായി ആചരിച്ചു വരുന്നു.
എ പി ജെ അബ്ദുൾ കലാം തന്റെ മിസൈൽ പ്രതിരോധ പ്രോഗ്രാമുകളിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അഭിമാനമുയർത്തി. പക്ഷേ അപ്പോഴും അദ്ദേഹത്തിന്റെ ഇഷ്ട തൊഴിൽ അധ്യാപനമായിരുന്നു. ലോകം അതിലൂടെ തന്നെ ഓർക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായി കാലാവധി പൂർത്തിയാക്കിയതിന് ശേഷം അടുത്ത ദിവസം തന്നെ അദ്ദേഹം തന്റെ അധ്യാപക ജോലിയിലേക്ക് മടങ്ങി പോയി.
ഹൃദയാഘാതത്തെ തുടർന്ന് 2015 ലായിരുന്നു അദ്ദേഹത്തിന്റെ മരണം. ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIM) പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.