നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കാൻ തീരുമാനിച്ച് ഓൺലൈൻ ചാനൽ അവതാരക. ഇതിനായി അവതാരകം അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിൻവലിക്കാനുള്ള ഹർജിയും ഒപ്പിട്ട് നൽകിയിട്ടുണ്ട്.
അവതാരക പരാതി പിൻവലിക്കുമെന്ന് അറിയിച്ചതോടെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നടൻ.
ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറി എന്നായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ കേസ്. രണ്ട് ദിവസം മുമ്പ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ഇതിന് പിന്നാലെ നിർമാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ പൂർത്തിയാക്കാൻ അനുവദിച്ചുകൊണ്ടായിരുന്നു ഈ നടപടി. എന്നാൽ കേസിൽ നിർമ്മാതാക്കളുടെ സംഘടന തലയിട്ടത് കടുത്ത വിമർശനവും ഉയർത്തി. ഉന്നതരുടെ ലൈംഗിക, പീഡന കേസുകളിൽ ഒന്നിലും നിലപാട് എടുക്കാതെ ശ്രീനാഥിൻ്റെ കേസിൽ മാത്രം വിലക്ക് പ്രഖ്യാപനവുമായി വന്നതിനെ സിനിമാ രംഗത്തെ വനിതകളുടെ കൂട്ടായ്മ വിമൻ ഫോർ കൾച്ചറൽ കളക്ടീവ് തുറന്നു കാട്ടി.
അഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കാൻ അന്വേഷണസംഘം താരത്തിന്റെ മുടി, നഖം, രക്തം എന്ന സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചിരുന്നു. പരാതിയില്ലെങ്കിലും ഇത് പൊലീസ് കേസായി നിലനിൽക്കാവുന്നതാണ്.


