ഒപ്പറേഷൻ താമര ഇടപാടിൽ മുഖ്യ ദല്ലാൾ തുഷാർ വെള്ളാപ്പള്ളിയെന്ന് തെലങ്കാന മുഖ്യമന്ത്രി, ഞെട്ടിത്തരിച്ച് രാഷ്ട്രീയ കേരളം

തെലങ്കാനയിൽ പരാജയപ്പെട്ട ‘ഓപ്പറേഷൻ താമര’യുടെ മുഖ്യ ദല്ലാൾ മലയാളിയും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയായിരുന്നെന്ന വെളിപ്പെടുത്തലിൽ ഞെട്ടി കേരളം. ഓപ്പറേഷൻ താമര ശ്രമത്തെ കുറിച്ച് വിശദീകരിക്കുന്നതിനായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തോടെയാണ് മലയാളിയും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി വെളിവാക്കപ്പെട്ടത്. ഓപ്പറേഷൻ താമരയുടെ തെലങ്കാന പതിപ്പിന് ചുക്കാൻ പിടിച്ച ആളിതാ എന്ന പ്രഖ്യാപനത്തോടെ കെസിആർ വാർത്താ സമ്മേളനത്തിനിടെ തുഷാർ വെള്ളാപ്പള്ളി അമിത് ഷായ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രം ഉയർത്തിക്കാട്ടിയത് തികച്ചും അപ്രതീക്ഷിതമായാണ്. കേരളരാഷ്ട്രീയത്തെ അമ്പരപ്പിച്ച ആരോപണമായി അതു മാറി.

രാജ്യവ്യാപകമായി ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ഉന്നയിക്കുന്ന ‘ഓപ്പറേഷൻ ലോട്ടസി’ന്റെ തെലങ്കാന പതിപ്പിന്റെ കേന്ദ്രബിന്ദു തുഷാറാണെന്നാണ് കെസിആറിന്റെ ഭാഷ്യം.

തെലങ്കാന രാഷ്ട്രസമിതി എന്ന പ്രാദേശിക പാർട്ടിയെ ‘ഭാരത് രാഷ്ട്ര സമിതി’ എന്ന് പുനർനാമകരണം ചെയ്ത് ഇപ്പോൾ ‘ദേശീയ രാഷ്ട്രീയ സ്വപ്ന’ങ്ങൾ കാണുന്ന കെസിആർ ബിജെപിക്കെതിരെ തുറന്ന പോരിലാണ്. ഇതിനിടെ കേരള രാഷ്ട്രീയത്തിലും നിർണായകമാണ് തുഷാറിനെതിരെ ഉന്നയിച്ചിരിക്കുന്ന ‘ഓപ്പറേഷൻ ലോട്ടസ്’ ആരോപണം.

ആരോപണം തെളിവ് സഹിതം

ബിജെപിക്കു വേണ്ടി ടിആർഎസിന്റെ നാല് എംഎൽഎമാരെ വിലയ്ക്കെടുക്കാൻ തുഷാർ ഏജന്റുമാരെ പറഞ്ഞയച്ചുവെന്നാണ് കെസിആർ ഹൈദരാബാദിൽ ആരോപിച്ചത്. ഭരണകക്ഷി എംഎൽഎമാരെ ‘ചാക്കിലാക്കാനെത്തി’ കഴിഞ്ഞയാഴ്ച തെലങ്കാന പൊലീസിന്റെ പിടിയിലായ മൂന്ന് ബിജെപി ഏജന്റുമാർക്ക് പിന്നിൽ തുഷാറാണെന്ന് കെസിആർ പറയുന്നു. തുഷാറിന്റെ പങ്കിനെക്കുറിച്ച് അറസ്റ്റിലായ ഏജന്റുമാർ പറയുന്ന വിഡിയോയും തെലങ്കാന മുഖ്യമന്ത്രി പുറത്തു വിട്ടു.

തെലങ്കാനയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ അട്ടിമറിക്കാനും നീക്കമുണ്ടെന്ന് ഏജന്റുമാർ പറയുന്നത് പുറത്തായതോടെ, തുഷാറിന്റെ ‘റോൾ’ തെലങ്കാനയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന സൂചനയും കെസിആർ നൽകുന്നുണ്ട്. ‘ഓപ്പറേഷൻ ലോട്ടസി’ന്റെ ബുദ്ധികേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന മുൻ ബിജെപി അധ്യക്ഷൻ കൂടിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് തുഷാറിന്റെ ഇടപെടലെന്നും കെസിആർ വെളിപ്പെടുത്തി.

ബിജെപി ചാടിക്കാന്‍ ശ്രമിച്ച നാലു ടി.ആര്‍.എസ് എംഎല്‍എമാരില്‍ ഒരാളുമായിട്ടാണ് തുഷാര്‍ സംസാരിക്കുന്നതെന്ന് ട്വീറ്റിൽ വ്യക്തമാക്കുന്നു. ‘എന്നാണ് ഒരു കൂടിക്കാഴ്ചയ്ക്ക്‌
സമയമുള്ളത്, ഇടപാടുകള്‍ പെട്ടെന്ന് തീര്‍ക്കണം. ബി.എല്‍.സന്തോഷടക്കമുള്ള കേന്ദ്ര നേതാക്കളുമായി സംസാരിക്കാന്‍ അവസരം ഒരുക്കാം’ തുടങ്ങിയ കാര്യങ്ങളാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍.

ഒക്ടോബർ 26ന് രാത്രിയാണ് ദേശീയ രാഷ്ട്രീയത്തിൽ വൻ സ്ഫോടനങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന അറസ്റ്റ് ഹൈദരാബാദിലുണ്ടായത്. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള മൊയ്നാബാദ് അസീസി നഗറിലെ ഫാം ഹൗസിൽ വച്ച് കോടികണക്കിന് രൂപ ഉൾക്കൊള്ളുന്ന ബാഗുകൾ അടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെക്കാൻ പ്രൈഡ് ഹോട്ടൽ ഗ്രൂപ്പ് ഉടമയും കേന്ദ്രമന്ത്രി ജി.കൃഷ്ണ റെഡ്ഡിയുടെ ഉറ്റ അനുയായിയുമായ നന്ദകുമാർ, ഹരിയാനാ ഫരീദാബാദ് ക്ഷേത്രത്തിലെ പൂജാരിയായ ഡൽഹി സ്വദേശി സ്വമി രാമചന്ദ്ര ഭാരതി, തിരുപ്പതി സ്വദേശി സ്വാമി സിംഹയാജലു എന്നിവരാണ് പിടിയിലായത്.‌ എംഎൽഎമാരെ സമീപിച്ച പല ഏജന്റുമാർക്കും മൂന്നും നാലും ആധാർ കാർഡും പാൻ കാർഡുമുണ്ട് എന്നത് മറ്റ് ഒരു വിവാദത്തിനും തിരികൊളുത്തി.

ആരോപണം അമിത് ഷായെ ലക്ഷ്യം വെച്ച്

ബിജെപിക്കു വേണ്ടി എംഎൽഎമാരെ വിലയ്ക്കടുക്കാൻ എത്തിയപ്പോൾ എംഎൽഎമാർ തന്നെ ഇവരെ പൊലീസിന് കൈമാറുകയായിരുന്നു. ഈ കേസിലാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ച് തെളിവുകൾ പുറത്തുവിട്ടത്. മാത്രമല്ല സുപ്രീം കോടതി ഉൾപ്പെടെ നീതിനിയമ പരിപാലന സംവിധാനത്തെ മുഴുവൻ ഇക്കാര്യം അറിയിച്ചു. അറസ്റ്റിലായ മൂന്നു പേർക്കും പിന്നിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച തുഷാറാണെന്നാണ് കെസിആറിന്റെ വെളിപ്പെടുത്തൽ. ആരോപണം. ഇയാൾ കേന്ദ്രമന്ത്രി അമിത് ഷായുടെ അടുത്തയാളാണന്നും കെസിആർ ആരോപിച്ചു. 

തെലങ്കാനയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ അട്ടിമറിക്കാൻ തങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അറസ്റ്റിലായവർ സംഭാഷണത്തിനിടയ്ക്ക് പറയുന്നുണ്ട്. ഒന്നര മണിക്കൂർ നീളുന്ന ഒളിക്യാമറ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ചെന്നും ഇന്ന് സുപ്രീം കോടതിക്ക് കൈമാറുമെന്നും കെസിആർ വ്യക്തമാക്കിക്കഴിഞ്ഞു. നേരത്തെ അറസ്റ്റിലായ 3 പേരുടെ ജാമ്യ ഹർജികളും ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.

നിഷേധിച്ചും വീണ്ടും തെളിവ് ചോദിച്ചും ബി ജെ പി

അതേ സമയം ആരോപണങ്ങളെല്ലാം ബിജെപി നിഷേധിച്ചിട്ടുണ്ട്. ചന്ദ്രശേഖര റാവുവിന്റെ നാടകമാണിതെന്നും ബിജെപി ആരോപിക്കുന്നു. എംഎല്‍എമാരുമായി സംസാരിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പ്രതികരിച്ചു. ആരോപണം ഉന്നയിച്ചവര്‍ തെളിവുകള്‍ കൊണ്ടുവരട്ടെയെന്നും തുഷാര്‍ പറഞ്ഞു. ആരോപണങ്ങളെ കേന്ദ്ര മന്ത്രി വി.മുരളീധരനും തള്ളി. ദൃശ്യങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...