സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് പത്തിന് ശേഷമായിരിക്കും തുടങ്ങുക എന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.
ഓണക്കിറ്റിനുള്ള ടെണ്ടർ നടപടികൾ
പൂർത്തിയായിട്ടുണ്ട്. പാക്കിങ് ആരംഭിച്ചു. സൗജന്യ ഓണക്കിറ്റിന് 465
കോടി രൂപയാണ് ചിലവ് വരികയെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു.
ഓണം ഫെയർ എല്ലാ മണ്ഡലത്തിലും
സെപ്‌തംബർ ആറുവരെ നീളുന്ന വിൽപ്പനകേന്ദ്രങ്ങളിലൂടെ ഗുണനിലവാരമുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കും. ജില്ലാ ആസ്ഥാനങ്ങളിലും മേള 27ന് തുടങ്ങും.
എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ മേളകളും സംഘടിപ്പിക്കും. എല്ലാ നിയോജകമണ്ഡലത്തിലും സംസ്ഥാനത്തെ 500 സൂപ്പർ മാർക്കറ്റിലും സെപ്‌തംബർ ഒന്നുമുതൽ ചന്തകൾ തുടങ്ങും. പച്ചക്കറി ഉൾപ്പെടെ ഇവിടെനിന്ന് ലഭിക്കും.സപ്ലൈകോ 1000 -മുതൽ 1200 രൂപവരെ വിലയുള്ള പ്രത്യേക ഓണക്കിറ്റുകൾ വിൽക്കും. ഓരോ സൂപ്പർ മാർക്കറ്റിലും കുറഞ്ഞത് 250 കിറ്റ് വിൽക്കും. ഓരോ 100 കിറ്റിലും ഒരു സമ്മാനം നൽകും. സംസ്ഥാനതലത്തിൽ മെഗാ നറുക്കെടുപ്പ് നടത്തി സമ്മാനം നൽകും.
സപ്ലൈകോയിൽ
നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി
ഒഴിവാക്കിയെന്നും മന്ത്രി അറിയിച്ചു.
കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, ശർക്കരവരട്ടി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ, ഉണക്കലരി തുടങ്ങി പതിനാല് ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


