ഓപ്പറേഷൻ താമരയുടെ ഭാഗമായി ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ വിലയ്ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്തുവിട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എം.എല്‍.എമാരെ വിലയ്ക്കെടുക്കുന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് സിസോദിയ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സിസോദിയ ഓഡിയോ ക്ലിപ് പുറത്തുവിട്ടത്. തെലങ്കാനയിലെ ബി.ആര്.എസ്. എം.എല്‍.എമാരെ ഓപ്പറേഷന് താമര വഴി ബി.ജെ.പിയിലെത്തിക്കാന്‍ ശ്രമിച്ചെ കേസിൽ മൂന്നു പേരെ തെലങ്കാന പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇടനിലക്കാരുടെ ഉറപ്പ് അമിത് ഷായുടെ പേരിൽ
‘ഈ ഓഡിയോയില്‍, ഒരു ടി.ആര്.എസ്. എം.എല്‍.എയെ ബി.ജെ.പിയില്‍ എത്തിക്കുന്നതിനെ കുറിച്ച് ബി.ജെ.പി. ബ്രോക്കര്‍ പറയുന്നത് കേള്‍ക്കാം. ഡല്‍ഹിയിലെ 43 എം.എല്‍.എമാരെ വിലയ്ക്കെടുക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചും അതിനായി പണം മാറ്റിവെച്ചിട്ടുണ്ടെന്നും പറയുന്നത് കേള്‍ക്കാം. ഷായുമായും ബി.എല്‍. സന്തോഷുമായും സംസാരിച്ചിട്ടുണ്ടെന്നും പറയുന്നത് കേള്‍ക്കാം, സിസോദിയ പറഞ്ഞു. ഓഡിയോയില്‍ ബി.ജെ.പി. ബ്രോക്കര്‍ പരാമര്‍ശിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കുറിച്ചാണെങ്കില്‍ അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം- സിസോദിയ ആവശ്യപ്പെട്ടു.
ഡല്‍ഹിയിലും പഞ്ചാബിലും എം.എല്‍.എമാരെ വിലയ്ക്കെടുക്കാന്‍ ബി.ജെ.പി. നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ ‘തെളിവാ’ണ് ഈ ഓഡിയോ ക്ലിപ് എന്നും വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്നും സിസോദിയ ആവശ്യപ്പെട്ടു. ഇത്തരമൊരു ഗൂഢാലോചനയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് രാജ്യത്തിന് വളരെ അപകടകരമാണെന്നും സിസോദിയ പറഞ്ഞു.


