കല്യാണി മേനോൻ വിട പറഞ്ഞിട്ട് ഒരു വർഷം
സ്മരണ- പദ്മനാഭൻ തിക്കോടി
എ. ആർ. റഹ്മാന്റെ സംഗീതത്തിൽ ഒരു പ്രശസ്ത മലയാളം ടെലിവിഷൻ ചാനലിനു വേണ്ടി
ആലപിച്ച പി. ഭാസ്കരന്റെ
ശ്യാമസുന്ദര കേര കേദാര ഭൂമി, ജന ജീവിത പല ധാന്യ സമ്പന്ന ഭൂമി…’ എന്ന ഗൃഹാതുരത തുളുമ്പുന്ന കേരള പ്രണയഗാനം ഉൾപ്പെടെ ചലച്ചിത്രങ്ങളിലും അല്ലാതെയുമായി
ഒരുപിടി മനോഹരഗാനങ്ങളിലൂടെ മലയാളി സംഗീതാസ്വാദകരുടെ മനം കവർന്ന പ്രമുഖ സംഗീതജ്ഞയാണ് 2021 ഓഗസ്റ്റ് 02 ന് നമ്മോട് വിടപറഞ്ഞ കല്യാണി മേനോൻ.
തമിഴിലും മലയാളത്തിലുമായി നൂറിലേറെ ഹൃദയഹാരിയായ ഗാനങ്ങൾ ഇവർ ആലപിച്ചിട്ടുണ്ട്.
1973-ൽ തോപ്പിൽ ഭാസി സംവിധാനം ചെയ്ത ‘അബല’ യിലൂടെയാണ് ഇവർ ചലച്ചിത്രഗാനരംഗത്തെത്തുന്നത്. (ഈ ചിത്രം പക്ഷെ റിലീസായില്ല)
പ്രശസ്ത സംഗീതജ്ഞനായ
ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ,
എട്ടു രാഗങ്ങൾ ഒരുമിച്ചു വരുന്ന, ‘എന്നിനി ദർശനം…’ എന്നു തുടങ്ങുന്ന പ്രയാസമേറിയ ഗാനമായിരുന്നു ആദ്യം പാടിയത്. സിനിമയിൽ, കണ്ണുകാണാത്ത ഒരു കുട്ടി പാടുന്ന പാട്ടാണിത്.
ഇളയരാജ ചിട്ടപ്പെടുത്തിയ സംഗീതത്തിൽ, യേശുദാസുമൊത്ത് ഇവർ പാടിയ എം.ഡി. രാജേന്ദ്രന്റെ “ഋതുഭേദകല്പന…”യെ ജനം നെഞ്ചേറ്റി.
ആസ്വാദകരുടെ മനം കവർന്ന ‘പവനരച്ചെഴുതുന്നു കോലങ്ങളെന്നും…’, ‘ഇന്നോളം കാണാത്ത മുഖപ്രസാദം…’, ‘കണ്ണീരിൻ മഴയത്തും നെടുവീർപ്പിൻ കാറ്റത്തും…’, ‘ജലശയ്യയിൽ തളിരമ്പിളി…’, ‘പെണ്ണേ പെണ്ണേ നിൻ കല്യാണമായ്…’, ‘കാമിനീമണീ സഖീ…’ തുടങ്ങി ഒട്ടേറെ മികച്ച ഗാനങ്ങൾ തുടർന്നും ഇവരുടെ മധുരസ്വരത്തിൽ പുറത്തുവന്നു. മലയാളത്തിൽ ദക്ഷിണാമൂർത്തി കൂടാതെ, ദേവരാജൻ മാസ്റ്റർ, ബാബു രാജ്, എം. ബി. ശ്രീനിവാസൻ, കെ. രാഘവൻ, ശ്യാം, എ. ടി. ഉമ്മർ, എം. കെ. അർജുനൻ, ജോൺസൺ, രവീന്ദ്രൻ, വിദ്യാധരൻ, വിദ്യാസാഗർ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശ്രീവത്സൻ ജെ. മേനോൻ തുടങ്ങിയ എല്ലാ തലമുറയിലും പെട്ട പ്രതിഭാധനരായ സംഗീത സംവിധായകരുമൊത്ത് ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
1979-ൽ റിലീസ് ചെയ്ത, ശിവാജി ഗണേശൻ അഭിനയിച്ച,’നല്ലതൊരു കുടുംബ’ത്തിലാണ് തമിഴിൽ ആദ്യമായി പാടിയത്. ഇളയരാജയുടെ സംഗീതത്തിലുള്ള ‘സെവ്വാനമേ പൊൻമേഘമേ…’ എന്ന ഈ മധുര ഗാനം തമിഴ് സിനിമാലോകത്തേക്കുള്ള അവരുടെ ശക്തമായ കാൽവെപ്പായിരുന്നു. ‘സുജാത’, ‘സവാൽ’, ‘വാഴ് വേ മായം’, ‘വിധി’,
‘ശുഭ മുഹൂർത്തം’, ‘മൂക്കുത്തി മീൻകൾ’ മുതലായ പ്രശസ്ത പടങ്ങളും ഇവരുടെ ജനപ്രിയഗാനങ്ങളുമായി താമസിയാതെ എത്തി.
അലൈപായുതേ,മുത്തു, കാതലന്‍, പുതിയ മന്നാർകൾ
ഇന്ദിരൈയോ ഇവൾ സുന്ദരിയോ, കുലുവാലിലെ മൊട്ട് മലർന്തല്ലോ, വാടീ സാത്തുക്കൊടീ, അതിശയ തിരുമണം തുടങ്ങിയ സിനിമകളില്‍
എ.ആര്‍ റഹ്‌മാന്‍ ചിട്ടപ്പെടുത്തി ഇവർ പാടിയ പാട്ടുകള്‍ തമിഴകത്ത് സൂപ്പര്‍ ഹിറ്റായി.
തന്റെ എഴുപത്തി എട്ടാം വയസ്സിൽ ഇവർ അവസാനമായി പാടിയത് 2018-ന്റെ ഒടുവിൽ ഇറങ്ങിയ വിജയ് സേതുപതി സിനിമ 96 ലാണ്. ‘കാതലേ, കാതലേ…’ എന്ന ഈ ഗാനം സംഗീത പ്രേമികൾ വീണ്ടും നെഞ്ചേറ്റി.
മലയാളികളെക്കാളേറെ
തമിഴരാണ് തന്നെ കൂടുതൽ ഉത്സാഹത്തോടെ
സ്വീകരിച്ചതെന്ന് ചിലപ്പോൾ തോന്നിയതായി അവർ ഒരിക്കൽ സൂചിപ്പിച്ചിട്ടുണ്ട്.
തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാര ജേതാവാണ് കല്യാണി മേനോൻ.
ലാപ്ടോപ് ഉൾപ്പെടെ കുറെ മലയാള ചിത്രങ്ങളിലും ഹിന്ദിയിലെ ‘ഫൂലോം ജൈസി ലഡ് കി’, തെലുഗുവിലെ ‘കുന്ദനപു ബോമ്മ’ എന്നിവയിലും ഇവർ റഹ്‌മാന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്.
വാര്‍ധക്യ കാലത്ത് ചില ക്ലാസിക്ക് ഗാനങ്ങള്‍ കൂടി പാടി ഹിറ്റാക്കാന്‍ കല്യാണി മേനോന് കഴിഞ്ഞു. ശ്രീവത്സന്‍ ജെ മേനോന്‍റെ സംഗീതത്തില്‍ മൈ മദേഴ്സ് ലാപ്ടോപ്പ് എന്ന ചിത്രത്തിലെ ‘ ജലശൈയ്യയില്‍ ..’, 96 എന്ന തമിഴ് ചിത്രത്തിന് വേണ്ടി ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ‘ കാതലേ കാതലേ..’, ബാലെ എന്ന സ്വതന്ത്രസംഗീത ഗാനത്തിന്‍റെ ഫീമെയില്‍ വേര്‍ഷന്‍ ഇവയൊക്കെ പാടി പുതുതലമുറയെ കൂടി തന്‍റെ ശബ്ദം കൊണ്ടവര്‍ കീഴടക്കി.
എറണാകുളത്തെ കാരയ്ക്കാട്ട് കുടുംബാംഗമാണ്
ബാലകൃഷ്‌ണ മേനോന്റെയും എറണാകുളം സർക്കാർ ഗേൾസ് സ്കൂളിലെ അധ്യാപികയായിരുന്ന രാജമ്മയുടെയും ഏക മകളായി 1941 ജൂണ്‍ 23ന് ജനിച്ച കല്യാണിക്കുട്ടി എന്ന കല്യാണിമേനോൻ.
നവരാത്രി മഹോത്സത്തോടനുബന്ധിച്ച് എറണാകുളം ടി.ഡി.എം ഹാളിൽ അരങ്ങേറാറുള്ള കൊച്ചു കുട്ടികളുടെ സംഗീത മത്സരത്തിൽ തന്റെ അഞ്ചാം വയസ്സിൽ പങ്കെടുത്തുകൊണ്ടാണ് പൊതുവേദിയിൽ കല്യാണിക്കുട്ടി പാടിതുടങ്ങിയത്. സംഗീതത്തിൽ ഏറെ തൽപ്പരയായിരുന്ന
അമ്മ തന്നെയാണ് അന്ന് പാടിയിരുന്ന ഭക്തിഗാനങ്ങൾ ട്യൂൺ ചെയ്ത് കല്യാണിയെ പഠിപ്പിച്ചിരുന്നത്.
സംഗീത മത്സരങ്ങളിൽ സമ്മാനം ലഭിച്ചുതുടങ്ങിയതോടെ കല്യാണിയെ ഔപചാരികമായി സംഗീതം പഠിപ്പിക്കാൻ തുടങ്ങി.
സ്കൂൾ പഠനത്തിനും സംഗീത പരിശീലനത്തിനും ഒപ്പം, ലഭിക്കുന്ന നല്ല വേദികളിലൊക്കെ അവർ പാടി.
സ്കൂൾ തലത്തിൽ ആലാപനത്തിന് സിൽവർ കപ്പും, കോളേജ് തലത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഗോൾഡ് മെഡലും നേടി.
സംസ്ഥാന യുവജനോത്സവത്തിൽ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതോടെ, ഡെൽഹിയിൽ വച്ചു നടന്ന ചില പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അവിടെയും അവർ സമ്മാനത്തിന് അർഹയായി.
കോവിഡ് കാലത്തും അവർ പാടി.
2020 ഡിസംബറിൽ ഫാ. ബിനോജ് മുളവരിക്കൽ സംഗീതം നൽകിയ ‘ഉണ്ണിക്ക് രാരീരം…’ എന്നു തുടങ്ങുന്ന താരാട്ട് പാട്ടാണ് ഒടുവിൽ പാടിയത്.