ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളി മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമാണെങ്കില്‍ നല്ല കാര്യമാണെന്ന് പിണറായി വിജയന് പറഞ്ഞു.
എല്ലാ വിഭാഗവും മനസ്സില്‍ കുളിര്‍മയോടെയാണ് ഈസ്റ്ററിനെ വരവേല്‍ക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഡല്‍ഹിയില്‍ പ്രസിദ്ധമായ ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കുകയുണ്ടായി. നല്ല കാര്യം തന്നെ. ‘എങ്ങനെയാണെങ്കില്‍’ എന്ന ആനുഷംഗിക പ്രയോഗം നടത്തിയാണ് മുഖ്യ മന്ത്രിയുടെ കമൻ്റ്.
എങ്ങനെയാണെങ്കിൽ- “ഇതേവരെയുള്ളതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കില്‍. പക്ഷെ രുചിയറിഞ്ഞ പുലി ആ വഴിക്കുതന്നെയല്ലേ സഞ്ചരിക്കുക” എന്നും മുഖ്യമന്ത്രി വലിയ രാഷ്ട്രീയ ചോദ്യം ഉന്നയിച്ചു.
സംസ്ഥാനത്ത് സംഘപരിവാര്‍ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി തുടർന്ന് പറഞ്ഞു.
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി പദവിയിൽ എത്തിയ ശേഷം ഇന്ത്യയിലെ ആദ്യ സന്ദർശനം
ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി സന്ദർശിച്ചത്. ക്ഷേത്രങ്ങളും ഗുരുദ്വാരകളും സന്ദർശിച്ചിട്ടുള്ള പ്രധാനമന്ത്രി ഇന്ത്യയിൽ ക്രിസ്ത്യൻ ദേവാലയത്തിൽ നടത്തുന്ന ആദ്യ സന്ദർശനമായിരുന്നു. തന്റെ ദേവാലയ സന്ദർശനം സമൂഹത്തിൽ സന്തോഷവും സൗഹാർദ്ദവും പരത്താൻ ഇടയാക്കട്ടെയെന്ന് സന്ദർശനത്തിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് മോഡി ട്വീറ്റു ചെയ്യുകയും ചെയ്തു.
കേരളത്തിൽ അടക്കം ക്രൈസ്തവ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള ബി.ജെ.പിയുടെ നിർണായക നീക്കങ്ങൾക്കിടെയാണ് മോദിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
കനത്ത സുരക്ഷയിലാണ് ഡൽഹി സീറോമലബാർ സഭയുടെ ഗോൾടാക്ഘാന സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ മോഡി എത്തിയത് വൈകിട്ട് 5.30ന് ഫരീദാബാദ് രൂപതാ ബിഷപ്പ് ഡോ. കുര്യോക്കോസ് ഭരണികുളങ്ങര, ഡൽഹി അതിരൂപത ആർച്ച് ബിഷപ്പ് അനിൽ ക്യൂട്ടോ, ഗുരുഗ്രാം മലങ്കര ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, കത്തീഡ്രൽ വികാരി ഫ്രാൻസിസ് സ്വാമിനാഥൻ തുടങ്ങിയവർ സ്വീകരിച്ചു.
കത്തീഡ്രലിനുള്ളിൽ പ്രവേശിച്ച പ്രധാനമന്ത്രി അൾത്താരയ്ക്കു മുന്നിൽ പ്രതിഷ്ഠിച്ച തിരുരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ചു. ബിഷപ്പുമാർക്കൊപ്പമിരുന്ന് കൊയർ സംഘത്തിന്റെ ഗാനങ്ങളിൽ പങ്കെടുത്തു. വിശ്വാസികളെ അഭിവാദ്യം ചെയ്തശേഷം പള്ളി അങ്കണത്തിൽ ചെടി നടുകയും ചെയ്തു.
2019ലെ ഈസ്റ്റർ ദിനത്തിൽ ബോംബ് സ്ഫോടനത്തിൽ 250പേർ കൊല്ലപ്പെട്ട ശ്രീലങ്കയിലെ കൊച്ചിക്കാഡെ പള്ളിയാണ് മോഡി ആദ്യമായി സന്ദർശിച്ച ക്രിസ്തീയ ദേവാലയം.
ഏതാനും മാസം മുൻപു രാഷ്ട്രപതി ദ്രൗപദി മുർമുവും സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചിരുന്നു. 1986ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയ്ക്കൊപ്പം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചിരുന്നു.
ട്രോളിയത് രാഷ്ട്രീയം
ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗലാൻഡിലും മേഘാലയിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കുതിപ്പ് നടത്തി. കേരളത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ വിശ്വാസത്തിലെടുക്കാൻ കാര്യമായ നീക്കത്തിലാണ്. ആദ്യ മോഡി മന്ത്രിസഭയിൽ അൽഫോൺസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം നൽകി. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പാർട്ടി അംഗത്വ നൽകി. ക്രിസ്തീയ പുരോഹിതൻമാരുമായി ചർച്ചകൾക്ക് തുടക്കമിട്ടു.


