കോഴിക്കോട് നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. പറന്നുയർന്നതിന് പിന്നാലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിര ലാന്റിംഗിന് അനുമതി തേടുകയായിരുന്നു. 9.44-ന് ടേക്ക്ഓഫ് ചെയ്ത വിമാനത്തിനാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നത്. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് ലാന്റിംഗ്. ലാന്റ് ചെയ്തത് സുരക്ഷിതമായാണ് എന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.
കരിപ്പൂരിൽനിന്ന് ഉയർന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ IX 385 വിമാനം ടേക് ഓഫ് ചെയ്യുമ്പോള്‍ പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്ന സംശയത്തിലാണ് എമര്‍ജെന്‍സി ലാന്‍ഡിങ്ങ് നിശ്ചയിച്ചത്.
ഏറെ നേരം കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും പറന്നിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ ലാന്റ് ചെയ്യാൻ അനുമതിക്ക് ശ്രമിച്ചിരുന്നു. പിന്നീട് കൊച്ചിയിലോ തിരുവനന്തപുരത്തോ എന്ന് ആലോചിക്കുകയും സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.
കോവളം ഭാഗത്ത് കടലിലേക്ക് ഇന്ധനം ഒഴുക്കിക്കളഞ്ഞാണ് ലാന്‍ഡിങ്ങിന് തയ്യാറെടുത്തത്. ഈ സമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ വിമാനങ്ങളുടേയും ടേക് ഓഫും ലാന്‍ഡിങ്ങും നിര്‍ത്തിവെച്ചാണ് ലാന്‍ഡിങ്ങിനായി തയ്യാറെടുത്തത്. ലാന്‍ഡിങ്ങിനുള്ള ഇന്ധനം മാത്രമായിരുന്നു വിമാനത്തില്‍ ബാക്കിയുണ്ടായിരുന്നത്. ഇടിച്ചിറങ്ങിയാല് അത്യാഹിതം ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇന്ധനം ഒഴുക്കിക്കളഞ്ഞത്
ഒടുവില്‍ ഉച്ചയ്ക്ക് 12.15-ന് നിശ്ചയിച്ച സമയത്ത് വിമാനം ഇറങ്ങി
അടിയന്തിര ലാന്റിംഗിന് കൃത്യമായ പ്രോട്ടോക്കോൾ ഉണ്ട്. ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണം. മാത്രമല്ല, അടുത്തുള്ള ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് അടിയന്തിര സന്ദേശം നൽകണം. ഇത്തരം സംവിധാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കിയ ശേഷമാണ് ലാന്റ് ചെയ്തത്. യാത്രക്കാർ സുരക്ഷിതരാണ്. ആരെയും ആശുപത്രിയിലക്ക് മാറ്റേണ്ട സാഹചര്യമുണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി.


