സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവില്‍ വിശദീകരണവുമായി കെ-റെയില്‍. ജിയോടാഗ് സംവിധാനം വഴി അതിരടയാളം രേഖപ്പെടുത്താനും സാമൂഹികാഘാത പഠനത്തിന് ജിപിഎസ് സംവിധാനം ഉപയോഗിക്കാനുമാണ് ഉത്തരവ് നൽകിയത്. ഇതിൽ കല്ലിടല്‍ നിര്‍ത്തിവെക്കണമെന്ന നിര്‍ദേശമില്ലെന്നാണ് കെ-റെയിലിന്റെ വ്യാഖ്യാനം.
പദ്ധതി വേഗത്തിലാക്കാനുള്ള റവന്യൂ ബദല്‍ നിര്‍ദേശമാണ് ഉത്തരവിലുള്ളത്. ഈ ഉത്തരവില്‍ കല്ലിടരുതെന്ന് പറയുന്നില്ലെന്നാണ് കെ-റെയില്‍ വിശദീകരിക്കുന്നത്.
കെ-റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിരടയാളം നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മെയ് അഞ്ചിന് കെ-റെയില്‍ എംഡി റവന്യൂ വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഭൂമിയുടെ ഉടമകള്‍ അനുവദിക്കുന്ന സ്ഥലങ്ങളില്‍ കല്ലിടാമെന്നും മറ്റുള്ള സ്ഥലങ്ങളില്‍ ജിപിഎസ് അടക്കമുള്ള സംവിധാനങ്ങളിലൂടെ സര്‍വേ നടത്താമെന്നുമാണ് കെ-റെയില്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.
കെ-റെയില്‍ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടല്‍ നിര്‍ത്തി പകരം ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം വന്നത്.