കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ കൈമാറാന്‍ ശ്രമിച്ച സന്ദേശം സുപ്രീം കോടതി സ്വീകരിക്കാന്‍ വിസമ്മതിച്ചു. അറിയിക്കാനുള്ള കാര്യങ്ങള്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചാല്‍ പോരേയെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു.
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചന്‍ ഇരുപത് വര്‍ഷത്തിലധികമായി ജയിലിലാണ്. അതിനാല്‍ ശിക്ഷ ഇളവ് അനുവദിക്കണമെന്നാണ് മണിച്ചന്റെ ആവശ്യം. ഈ ആവശ്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന ജയില്‍ ഉപദേശക സമിതിയോട് സുപ്രീം കോടതി ഫെബ്രുവരിയില്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തിലുള്ള നടപടി വിലയിരുത്താന്‍ ഇന്ന് ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് ഹമീദ് മുദ്രവെച്ച കവറിലെ സന്ദേശം സുപ്രീം കോടതിക്ക് കൈമാറാന്‍ ശ്രമിച്ചത്.
സന്ദേശം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അപേക്ഷ നല്‍കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിനായി ഒരാഴ്ചത്തെ സമയം കോടതി അനുവദിച്ചു.
എന്നാല്‍, ഇക്കാര്യത്തില്‍ രഹസ്യമായി ഒന്നുമില്ലെന്ന് ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സര്‍ക്കാരിന് തങ്ങളുടെ തീരുമാനം സത്യവാങ്മൂലത്തിലൂടെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ സന്ദേശത്തിലെ രഹസ്യാത്മകത കാത്തുസൂക്ഷിക്കേണ്ടതിനാലാണ് മുദ്രവെച്ച കവറില്‍ കൈമാറാന്‍ ശ്രമിക്കുന്നതെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ കോടതിയില്‍ ആവര്‍ത്തിച്ചു.
മണിച്ചന്റെ ഭാര്യ ഉഷ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.
കല്ലുവാതുക്കൽ വിഷമദ്യക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന വിനോദ് കുമാർ, മണികണ്ഠൻ (കൊച്ചനി) എന്നിവരെ ശിക്ഷാ ഇളവു നൽകി ജയിലിൽനിന്ന് കഴിഞ്ഞ നവംബറിൽ വിട്ടയച്ചിരുന്നു . അബ്കാരിയും കേസിലെ പ്രതിയുമായ മണിച്ചന്റെ സഹോദരങ്ങളാണ് ഇരുവരും. സംസ്ഥാന ജയിൽ ഉപദേശക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണു തീരുമാനം. ഇരുവരും ഇനി മദ്യവ്യാപാരത്തിൽ ഏർപ്പെടില്ലെന്ന ബോണ്ട് സമർപ്പിക്കണം.
2000 ഒക്ടോബർ 21ന് ഉണ്ടായ ദുരന്തത്തിൽ 31പേരാണ് മരിച്ചത്. അഞ്ഞൂറിലധികം പേർ ആശുപത്രികളിലായി.
20 വർഷമായി വിനോദ് കുമാറും മണികണ്ഠനും ജയിലിൽ കഴിഞ്ഞു. വിനോദ് കുമാറിന് ഇതിനിടയിൽ 8 വർഷത്തെ ശിക്ഷാഇളവ് ലഭിച്ചു. മണികണ്ഠന് 9 വർഷവും. ജീവപര്യന്തം ശിക്ഷയിൽ ഇളവു നൽകണമെന്ന വിനോദ് കുമാറിന്റെ ആവശ്യം 9 തവണയും മണികണ്ഠന്റേത് 12 തവണയും ജയിൽ ഉപദേശകസമിതി നിരസിച്ചിരുന്നു.
തുടർന്ന്, ഇരുവരുടെയും ഭാര്യമാർ സുപ്രീംകോടതിയെ സമീപിച്ചു. ജയിൽ ഉപദേശക സമിതിയോടു തീരുമാനമെടുക്കാൻ സുപ്രീംകോടതി നിർദേശിച്ചു. മദ്യവ്യാപാരത്തിൽ ഏർപ്പെടില്ലെന്ന ഉറപ്പു വാങ്ങി ജയിൽ മോചിതരാക്കാമെന്ന നിർദേശമാണു ജയിൽ ഉപദേശക സമിതി നൽകിയത്
കേസിലെ ഏഴാം പ്രതിയായ മണിച്ചൻ ഇപ്പോഴും ജയിലിലാണ്. ജീവപര്യന്തം തടവിനു പുറമേ 43 വർഷം തടവും അനുഭവിക്കണം. മുഖ്യപ്രതി താത്ത എന്നറിയപ്പെടുന്ന ഹൈറുന്നിസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009ൽ കരൾരോഗം കാരണം മരിച്ചു. മണിച്ചന്റെ ഗോഡൗണിൽനിന്നും എത്തിച്ച് ഹൈറുന്നിസയുടെ വീട്ടിൽ വിതരണം ചെയ്ത മദ്യം കഴിച്ച് കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളാണു മരിച്ചത്