കരിപ്പൂര്‍ വിമാനത്താവളത്തില്‍ കള്ളക്കടത്തുകാരുടെ ഏജൻ്റ്മാരായി പ്രവർത്തിച്ച 12 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരില്‍ സി.ബി.ഐ കുറ്റപത്രം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് 2021 ജനുവരിയിൽ നടത്തിയ റെയിഡിനെ തുടർന്നുള്ള കേസിലാണ് കുറ്റപത്രം.
കാസര്‍കോട് സ്വദേശികളായ 17 പേർ ഉൾപ്പെടെ 30 പേര്‍ക്കെതിരേയാണ് ഇതിൽ സി.ബി.ഐ. കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
കസ്റ്റംസ് സൂപ്രണ്ടുമാരായ ഇ. ഗണപതി പോറ്റി, സത്യമേന്ദ്ര സിങ്, എസ്. ആശ, കെ.എം. ജോസ്,കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരായ യാസര്‍ അറാഫത്ത്, നരേഷ് കുമാർ, സുധീര്‍കുമാര്‍, വി.സി. മിനിമോള്‍, സഞ്ജീവ് കുമാര്‍, യോഗേഷ് ഗുപ്ത, കസ്റ്റംസ് ഹെഡ് ഹവില്‍ദാര്‍മാരായ സി. അശോകന്‍, പി.എം. ഫ്രാന്‍സിസ്, കരിപ്പൂര്‍ വിമാനത്താവളം സബ് സ്റ്റാഫ് ആയ കെ. മണി എന്നീ ഉദ്യോഗസ്ഥരാണ് പ്രതികൾ. സി.ബി.ഐ. ഇന്‍സ്‌പെക്ടര്‍ എന്‍.ആര്‍. സുരേഷ്‌കുമാറാണ് എറണാകുളം സി.ബി.ഐ. കോടതി മൂന്നില്‍ കുറ്റപത്രം സമർപ്പിച്ചത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസുദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് 2021 ജനുവരിയിലാണ് സി.ബി.ഐ. കൊച്ചി സംഘവും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് മിന്നല്‍ റെയ്ഡ് നടത്തിയത്. കള്ളക്കടത്തുകാര്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായി റെയ്ഡില്‍ ബോധ്യപ്പെട്ടു. കസ്റ്റംസ് പരിശോധന കഴിഞ്ഞവരിൽ നിന്ന് 70 ലക്ഷം രൂപയിലേറെ വരുന്ന കറന്‍സി കണ്ടെടുത്തു. വിദേശനിര്‍മിത വസ്തുക്കളും കണ്ടെടുത്തു.
ഇത് പരസ്പര ധാരണ പ്രകാരം കടത്തിയതാണ് എന്ന കണ്ടെത്തലാണ്. കുറ്റാരോപിതരായ കസ്റ്റംസുദ്യോഗസ്ഥരില്‍നിന്ന് 2.86 ലക്ഷം രൂപയും 6.28 ലക്ഷം രൂപയുടെ കള്ളക്കടത്ത് സാധനങ്ങളും കണ്ടെടുത്തിരുന്നു.


