സെപ്തംബര്‍ 30 ന് റിലീസ് ചെയ്ത കന്നഡയിൽ നിന്നുള്ള ചിത്രം കാന്താര പാട്ടു വിവാദത്തിൽ. മികച്ച അഭിപ്രായം നേടി മറ്റു ഭാഷകളിലേക്കും മൊഴിമാറ്റിയ ചിത്രം ഹിറ്റായതോടെയാണ് പാട്ട് ശ്രദ്ധയിൽ എത്തിയത്.
ചിത്രത്തിലെ ‘വരാഹ രൂപം’ എന്ന ഗാനം തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിൻ്റെ കോപ്പിയാണെന്ന കണ്ടെത്തലാണ് ചർച്ച. ‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജ് ഇന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതോടെ ഇതിന് ആധികാരകത വന്നു.
തൈക്കുടം ബ്രിഡ്ജ് തന്നെ ഇത് ഏറ്റു പിടിച്ച് രംഗത്തെത്തിയതോടെ നിയമ പ്രശ്നമായി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവരുടെ പ്രതികരണം. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് തൈക്കുടം ബ്രിഡ്ജ് പറഞ്ഞു. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നും ഗായകൻ ഹരീഷ് പറഞ്ഞതും ചേർത്ത് വിവാദം മൂർഛിച്ചിരിക്കയാണ്
ഈ വാദങ്ങളെ തള്ളിക്കൊണ്ട് കാന്താരയുടെ സംഗീത സംവിധായകന്‍ ബി. അജനീഷ് ലോക്‌നാഥ് രംഗത്തെത്തിയിട്ടുണ്ട്. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
കെ ജി എഫ് 2 വിനെ മറികടന്ന്
അടുത്ത കാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താര ആക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമണ്. റിഷഭ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഹിന്ദി ഉൾപ്പടെയുള്ള ഭാഷകളിലും റിലീസ് ചെയ്തു. കന്നഡ പതിപ്പിന് വന്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം, ഇതര ഭാഷകളിലെ ബോക്സ് ഓഫീസുകളിലും വെന്നിക്കൊടി പാറിച്ചു. സമീപകാലത്ത് പരാജയങ്ങൾ മാത്രം നേരിടുന്ന ബോളിവുഡിനെയും ഈ തെന്നിന്ത്യൻ ചിത്രം അത്ഭുതപ്പെടുത്തി.
‘കെജിഎഫ് 2’വിന് ലഭിച്ചതിനേക്കാൾ വൻ സ്വീകാര്യതയാണ് കാന്താര നേടുന്നതെന്ന് ഹോംബാലെ ഫിലിംസ് അറിയിച്ചതായി ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിരുന്നു. കർണാടകയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹോംബാലെ പ്രൊഡക്ഷൻസിന്റെ ചിത്രം ആയിരിക്കുകയാണ് കാന്താര ഇപ്പോൾ.
മനസുകൾ കീഴടക്കിയ കഥ
മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന ‘കാന്താര’യുടെ യാത്ര തുടങ്ങുന്നത് ഒരു മുത്തശ്ശിക്കഥയിലൂടെയാണ്.
സന്തോഷവും സമാധാനവും തേടിയിറങ്ങുന്ന ഒരു രാജാവിന്റെ കഥയാണത്. രാജാവിന്റെ അന്വേഷണം എത്തുന്നത് കാട്ടിലാണ്. അവിടെ അദ്ദേഹം തന്റെ സന്തോഷത്തിന്റെ ഉറവിടം കണ്ടെത്തുന്നു. കാടിന്റെ മക്കളുടെ കൽദൈവത്തിന്റെ രൂപത്തിൽ. തനിക്കൊപ്പം വരണമെന്ന രാജാവിന്റെ ആവശ്യം ദൈവം അംഗീകരിക്കുന്നത് ഒരു ഉടമ്പടിക്കു പുറത്താണ്. രാജാവിനൊപ്പം കാടിറങ്ങുന്നതിനു പകരമായി തന്റെ പ്രജകൾക്ക് ഭൂമി നൽകി സംരക്ഷിക്കണം. ഉടമ്പടി സമ്മതിച്ചതോടെരാജാവിനൊപ്പം ദൈവം കാടിറങ്ങി. ഒപ്പം കാടറിഞ്ഞ കാടിന്റെ മക്കളും. അവിടെനിന്ന് ‘കാന്താര’യുടെ കഥ വികസിക്കുകയാണ്. മണ്ണു മുറുകെപ്പിടിക്കാൻ ഒരു ജനത നടത്തുന്ന പോരാട്ടവും അടിസ്ഥാനവർഗത്തിനു മേൽ അധികാരവർഗത്തിന്റെ കടന്നുകയറ്റവും അടിച്ചമർത്തലുമൊക്കെ ‘കാന്താര’യിൽ കാണാനാകും.
ഉത്തരകേരളത്തിന്റെ തെയ്യവും കർണാടകയുടെ ദൈവക്കോലവും ഇഴ ചേർന്ന തുളുനാടൻ സംസ്‌ക്കാരമുദ്രയാണ് ‘കാന്താര’യുടെ കാതൽ. തീരദേശ കർണാടകയുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ മിത്തിന്റെ ചായം പൂശി ‘കാന്താര’ അവതരിപ്പിക്കുന്നു. കേരളത്തിന്റെ തനതുരൂപമായ തെയ്യത്തിന്റെ മനോഹാരിത ‘കാന്താര’ പകർത്തിയതു പോലെ മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് പറയേണ്ടി വരും. നിഗൂഢമായ വനമെന്നാണ് കാന്താര എന്ന വാക്കിന്റെ അർത്ഥം. കാട് ജീവവായുവായ ഒരു ജനതയുടെ, കാടുമായി ചേർന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ദൈവിക സങ്കൽപ്പങ്ങളും ചേർത്തുനിർത്തുന്ന ഒരു കാലഘട്ടത്തിന്റെ കഥയാണ് ‘കാന്താര’.


