കോട്ടയം ആര്‍പ്പൂക്കരയില്‍ പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി. ഒരു മാസം മുമ്പ് തൊണ്ണംകുഴി സ്വദേശി സുജിത്തിൻ്റെ കാറില്‍ കയറിയ പാമ്പാണിതെന്നാണ് സംശയം.
ഈ മാസം ആദ്യം സുജിത്ത് കാറുമായി ലിഫ്റ്റ് ഫിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി മലപ്പുറം വഴിക്കടവില്‍ പോയിരുന്നു. വഴിക്കടവ് ചെക്പോസ്റ്റിന് സമീപത്തായിരുന്നു സുജിത്തിന് പണി. ഈ സമയത്ത് ഒരു പാമ്പ് സുജിത്തിന്റെ കാറില്‍ കയറിയതായി പ്രദേശവാസികള്‍ കണ്ടിരുന്നു. സംശയം തീർക്കാൻ കാർ രണ്ടു ദിവസം അനക്കാതെ ഇട്ടു.
പിന്നീട് വാഹനം വിശമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് കാറുമായി സുജിത്ത് കോട്ടയത്തെ വീട്ടിലെത്തി. പതിവ് പോലെ തൊഴിലും യാത്രയും തുടർന്നു.
രാജവെമ്പാലയുമായി കറങ്ങി, സുഹൃത്തും കൊണ്ടു പോയി
ഈ വാഹനവുമായി എറണാകുളം, നെടുമ്പാശ്ശേരി, കൊല്ലം, തിരുവനന്തപുരം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പോയിരുന്നു. ഈ സമയത്തെല്ലാം പാമ്പ് കാറിലുണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നതെന്ന് സുജിത്ത് പറഞ്ഞു. മറ്റൊരു സുഹൃത്തും ഈ കാറുമായി പോയിരുന്നു.
കഴിഞ്ഞ ആഴ്ച സുജിത്തിൻ്റെ വീടിന് സമീപത്തുനിന്ന് പാമ്പിൻ്റെ പടം പൊഴിച്ചിട്ടതായി കണ്ടെത്തി. ഇതോടെ വഴിക്കടവിലെ പാമ്പിനെ ഓർത്തു. തുടര്‍ന്ന് വാവ സുരേഷിനെ കൊണ്ടുവന്ന് കാറിൻ്റെ ബമ്പര്‍ വരെ അഴിച്ചു പരിശോധിച്ചു. എങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഇന്ന് രാവിലെ വീടിൻ്റെ പരിസരത്ത് പാമ്പിനെ കണ്ടുവെന്ന് അയൽക്കാർ പറഞ്ഞതോടെ സംശയമായി. തിരച്ചിൽ നടത്തി. പാമ്പിൻ്റെ സാന്നിധ്യം ഉറപ്പായതോടെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
പാറമ്പുഴയില്‍ നിന്നുള്ള വനംവകുപ്പ് വിദഗ്ദ്ധ സംഘമെത്തി പരിശോധന നടത്തി. സുജിത്തിന്റെ വീടിന്റെ 500 മീറ്റര്‍ അകലെ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇത് മാരക വിഷമുള്ള രാജവെമ്പാലയാണെന്നും ഉറപ്പിച്ചു.


