കുറ്റകൃത്യങ്ങള്‍ക്കുപയോഗിച്ച വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനം. ഇത്തരത്തിലുള്ള വാഹനങ്ങളുടെ പട്ടിക നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഡിജിപി അനില്‍ കാന്തിന് കത്ത് നല്‍കി. കൊലക്കേസുകളിലെ പ്രതികള്‍ സഞ്ചരിക്കുന്ന വാഹനത്തേയും കുറ്റകൃത്യത്തില്‍ പ്രതി ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇത് പ്രകാരം ആദ്യം പൊളിക്കുന്നത് സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒരു കോടി രൂപ വില വരുന്ന ഹമ്മർ ആയിരിക്കും.
വാഹനം വാടകയ്‌ക്കെടുത്തതാണെങ്കിലും ഇതേ നടപടിയുണ്ടാവും. ഹീനമായ കുറ്റകൃത്യങ്ങളില്‍പ്പെട്ടാല്‍ ഇന്‍ഷൂറന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ വ്യവസ്ഥ പ്രകാരം വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് റദ്ദാക്കാം. ഇന്‍ഷൂറന്‍സ് റദ്ദാക്കിയാല്‍ ആര്‍സിയും റദ്ദാക്കാന്‍ കഴിയും.
നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് മാത്രമേ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുകയുള്ളൂ. എന്നാല്‍ വാഹനം ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇത്തരത്തില്‍ ആദ്യം പൊളിക്കുന്നത് തൃശൂരില്‍ ഫ്‌ളാറ്റില്‍ സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വിവാദ വ്യവസായി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മര്‍ ആണ്. ഇതിന് പുറമേ കണിച്ചുകുളങ്ങര എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവര്‍ ആസൂത്രിത വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ ലോറിയും പൊളിക്കും.


