Monday, August 18, 2025

കൃഷി ആരാധന തന്നെയായിരുന്ന കേരളം

കൃഷിയും നാടോടിക്കഥകളും പോയ കാലത്തിൻ്റെ ശാസ്ത്ര ബന്ധമാണ്. സ്ഥായിയായ കാര്‍ഷിക സമൂഹങ്ങളുടെയെല്ലാം നിലനില്‍പ്പുതന്നെ അവയുടെ പാരിസ്ഥിതികബോധത്തെയും നാടോടി കഥാബോധത്തെയും ആശ്രയിച്ചായിരുന്നു. കൃഷിയും പരിസ്ഥിതിയും നാടോടിക്കഥകളും ഇന്ന് മറവിയുടെ വക്കിലാണ്. അതുകൊണ്ടുതന്നെ ഇവ തമ്മിലുള്ള പാരസ്പര്യത്തിന്‍റെ പരിശോധനയും വിശകലനവും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

പ്രകൃതി സമ്പത്തുകൊണ്ട് അനുഗ്രഹീതമാണ് കേരളം. നല്ല മഴയും മിതമായ ചൂടും ഇളം തണുപ്പുള്ള മഞ്ഞുകാലവും. കിഴക്കുള്ള മലനിരകളും പടിഞ്ഞാറുള്ള കടലും കേരളത്തിനു പ്രകൃതിപരമായ നിരവധി സൗഭാഗ്യങ്ങള്‍ ചൊരിയുന്നുണ്ട്. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകതകള്‍ വൈവിധ്യമാര്‍ന്ന കൃഷിരീതിക്ക് ഇവിടെ രൂപം നല്‍കി. ഗോത്രസമൂഹങ്ങള്‍ മണ്ണിനേയും ചുറ്റുപാടുകളെയും അറിഞ്ഞും അവയെ പരിരക്ഷിച്ചും കൊണ്ടുള്ള കൃഷിരീതികളാണ് പാലിച്ചിരുന്നത്.

പുനംകൃഷി

ആദിമ ഗോത്രക്കാരുടെ കൃഷിരീതിയാണ് പുനംകൃഷി. കേരളത്തിലെ ആദ്യ കൃഷിരീതികളിലൊന്നായി ഇതിനെ കണക്കാക്കാവുന്നതാണ്. കാട് വെട്ടിത്തെളിച്ച് ചുട്ടെരിച്ചാണ് പുനംകൃഷി ചെയ്യുന്നത്. ഒരു സ്ഥലത്ത് തുടര്‍ച്ചയായി പുനംകൃഷി ചെയ്യാറില്ല. ഒരിക്കല്‍ കൃഷി ചെയ്തശേഷം ആ സ്ഥലം ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകും.

പിന്നീട് പ്രസ്തുത സ്ഥലത്തേക്ക് തിരികെ വരുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും. ചില ആദിവാസികള്‍ ഒരിക്കല്‍ കൃഷി നടത്തിയ സ്ഥലത്തേക്ക് ഏഴും പത്തും വര്‍ഷം കഴിഞ്ഞാലെ കൃഷിക്കായി തിരികെ വരുകയുള്ളൂ. പുനംകൃഷിയിടങ്ങള്‍ കൃഷി വൈവിധ്യങ്ങളുടെ കൂടി ഇടമാണ്. നെല്ല്, തിന പച്ചക്കറി തുടങ്ങി സമൂഹത്തിനാവശ്യമായ ഇനങ്ങളെല്ലാം കൃഷി ചെയ്യും.

കേരളത്തിൽ മാത്രമല്ല ഗോത്രവർഗ്ഗങ്ങൾക്ക് ഇടയിൽ പരക്കെ ഈ കൃഷി രീതി കാണാം.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെയും വൈവിധ്യമാര്‍ന്ന കൃഷിരീതികളുടെയും ഭാഗമായി അത്രതന്നെ വൈവിധ്യമാര്‍ന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും ഉണ്ടായിരുന്നു എന്നത് കേരളത്തിന്‍റെ പ്രത്യേകതയാണ്.

കൃഷി ആരംഭിക്കുന്നത് മുതല്‍ വിളവെടുക്കുന്നതുവരെ പ്രത്യേക ആചാരങ്ങളുണ്ട്. കരിച്ചാല്‍, കൈക്കോട്ടുച്ചാല്‍, ഇരുപത്തെട്ടുചാലും വരച്ചിലും, ഒക്കല്‍, മാട്ടുപൊങ്കല്‍, നിറ, ആരി, കങ്ങാനി വെക്കലും കലം പെരുക്കലും, കതിരും കൂടും, കതിരും കൂട്ടക്കാലം തുടങ്ങി വ്യത്യസ്തങ്ങളായ അനവധി അനുഷ്ഠാന പ്രക്രിയകള്‍ കേരളത്തിലെങ്ങും നടപ്പിലുണ്ടായിരുന്നു. ഈ അനുഷ്ഠാനങ്ങളുടെയും കാര്‍ഷികോത്സവങ്ങളുടെയും ഭാഗമായുള്ള കലാപ്രകടനങ്ങളും നിരവധിയാണ്.

ഓരോ കാര്‍ഷികവൃത്തിയുടെയും ആരംഭം കുറിച്ചുകൊണ്ട് നിരവധി ആചാരാനുഷ്ടാനങ്ങള്‍ ഉണ്ട്.

കരിച്ചാല്‍

വിഷുക്കണി കഴിഞ്ഞതിനുശേഷം ഒരു നല്ല മുഹൂര്‍ത്തത്തിലാണ് കരിച്ചാല്‍ നടത്തുന്നത്. പുലര്‍ച്ചെയാണ് ചടങ്ങുകള്‍ നടത്തുന്നത്. മുറ്റംമെഴുകി അതില്‍ കരിയും നുകവും വരയ്ക്കുന്നു. തുടര്‍ന്ന് കാരണവര്‍ പൂജ നടത്തും. പൂജ കഴിഞ്ഞാല്‍ കന്നിനെ പാടത്തുകൊണ്ടുപോയി പൂട്ടും. വയലില്‍ ചാല്‍ എടുത്തശേഷം ആ സ്ഥലത്ത് കുറച്ച് വിത്തിറക്കും. വിത്തിറക്കുന്ന കാലവും സമയവും അനുഷ്ഠാനപരമായ പ്രാധാന്യം നേടുന്നു.

കൈക്കോട്ടുച്ചാല്‍

വിഷു ഒന്നാം തീയ്യതിയാണ് ഈ അനുഷ്ഠാനം നടത്തുന്നത്. ചില സ്ഥലങ്ങളിലെ നെല്‍കൃഷിയുടെയും പച്ചക്കറി കൃഷിയുടെയും തുടക്കമാണിത്. വിഷുക്കണി കണ്ടതിനുശേഷം ഉച്ചയോടെ പറമ്പില്‍ ചടങ്ങുകള്‍ നടത്തും. ചില സ്ഥലങ്ങളില്‍ പൂജ നടത്തും. അതുകഴിഞ്ഞാല്‍ ഏതെങ്കിലും പച്ചക്കറി വിത്ത് നടും. ചില സ്ഥലങ്ങളില്‍ നെല്‍വിത്താണ് വിതറുന്നത്. അധ്വാനിക്കുന്ന ജനത അവരുടെ അധ്വാനഭാരം ലഘൂകരിക്കാന്‍ പാട്ടുകള്‍ പാടും. കാര്‍ഷിക അധ്വാന പ്രക്രിയയുടെ ഭാഗമായി കേരളത്തില്‍ നിരവധി ഗാനരൂപങ്ങളും ഉണ്ടായിരുന്നു. കഥാഗാനങ്ങളും കൃഷിക്രമങ്ങള്‍ വിവരിക്കുന്ന പാട്ടുകളും ഇവയില്‍ ഉണ്ട്. വിത്തുപാട്ട്, ഞാറ്റുപാട്ട്, കൊയ്ത്തുപാട്ട്, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പാട്ടുരീതികള്‍ എല്ലാ പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്നു. വാമൊഴി ആയി തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകര്‍ന്നു വീണവ ആയിരുന്നു ഇവ.

നാട്ടിപ്പാട്ട്

കാര്‍ഷിക സംസ്കൃതിയുടെ ഭാഗമായി അപൂര്‍വ്വമായെങ്കിലും ഇന്നും നിലനില്‍ക്കുന്ന ഗാനരീതിയാണ് നാട്ടിപ്പാട്ട്. നാട്ടിപ്പണിയുടെ ഭാഗമായി കേരളത്തില്‍ അപൂര്‍വ്വമായി ഇപ്പോഴും നാട്ടിപ്പാട്ട് പാടിവരുന്നുണ്ട്. പറിച്ചുനാടാറായ നെല്‍ചെടിയെ ഞാറ് എന്നുപറയും. ഞാറ് പറിച്ചുനടുന്നതിനെ നാട്ടിപ്പണി എന്നും. ഞാറ് നടുക അഥവാ കുഴിച്ചിടുക എന്നാണ് ഇതിനര്‍ഥം. ഉഴുതു പാകമാക്കിയ നെല്‍വയലുകളില്‍ സ്ത്രീകള്‍ തള്ളവിരലും ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് ഞാറു നടുമ്പോള്‍ പാട്ടുപാടും.

അതിനെ നാട്ടിപ്പാട്ട് എന്ന് പറയും. ഇടവം – കര്‍ക്കിടകം മാസത്തില്‍ നാട്ടിപ്പണി ചെയ്യുമ്പോള്‍ കനത്ത മഴയും കാണും. ഓലകൊണ്ടുണ്ടാക്കിയ വലിയ കുട (കളക്കുട എന്നാണ് ഇതിന്‍റെ പേര്) പുറത്തുചൂടി വരിയായി കുനിഞ്ഞുനിന്നാണ് ഞാറുനടുക പതിവ്. കൂട്ടമായും ഒറ്റയ്ക്കായും പാടും. ഒരാള്‍ പാടിയ പാട്ടിന്‍റെ ബാക്കി ഭാഗം മറ്റൊരാള്‍ മത്സരിച്ചു പാടുന്ന രീതിയും ഉണ്ട്. വടക്കന്‍ പാട്ടുകളിലെ തച്ചോളി പാട്ടുകളും പുത്തൂരം പാട്ടുകളുമാണ് സാധാരണ പാടാറുള്ളത്. വടക്കന്‍ പാട്ടുകളിലെ കഥാപാത്രങ്ങളെ തങ്ങളുടെ ഭാവനയ്ക്ക് അനുസൃതമായി തേച്ചുമിനുക്കിയാണ് വയലില്‍ പണി ചെയ്യുന്ന സ്ത്രീകള്‍ ഈ പാട്ടുകളിലൂടെ അവതരിപ്പിക്കുന്നത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ പാടിവരുന്ന നാട്ടിപ്പാട്ടുകള്‍ വളരെ വ്യത്യസ്തമാണ്. താളപ്രധാനമായവയാണ് ഇത് എന്നുകാണാം.

നിറ

കര്‍ക്കിടകം – ചിങ്ങം മാസത്തിലാണ് നിറ ആഘോഷം. നെല്‍കൃഷി കതിരിടുന്ന കാലയളവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുത്ത വയലിന്‍റെ ഒരു പ്രത്യേക സ്ഥാനത്തുനിന്നും കതിര്‍ക്കുല അരിഞ്ഞെടുക്കും. ചില പ്രത്യേക ഇലകളും വള്ളികളും വീടിന്‍റെ പ്രധാന സ്ഥാനങ്ങളില്‍ ഗൃഹനാഥന്‍ കെട്ടും. ചില സ്ഥലങ്ങളില്‍ ക്ഷേത്രത്തില്‍നിന്നോ കാവുകളില്‍ നിന്നോ കതിര്‍ക്കുല വിതരണം ചെയ്യും. കേരളത്തിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും പ്രാദേശികമായ വ്യതിയാനങ്ങളോടെ നിറ ആചരിക്കാറുണ്ട്.

ചുരുട്ട്

പാലക്കാട് ജില്ലയില്‍ കൊയ്ത്ത് അവസാനത്തോടെ നടത്തുന്ന ചടങ്ങാണ് ചുരുട്ട്. മകരക്കൊയ്ത്ത് കഴിഞ്ഞാല്‍ എല്ലാ പണിക്കാരും ഒരു സ്ഥലത്ത് ഒത്തുചേരും. മെതിച്ച നെല്ലുകൊണ്ട് വലിയ മൂന്നു ചുരുട്ടുകള്‍ കെട്ടും. ഈ മൂന്നു ചുരുട്ടുകളും വയലിന്‍റെ വലത്തേ മുക്കില്‍ കുത്തി നിര്‍ത്തും. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഉറക്കെ ആര്‍പ്പുവിളിക്കും. ആ വര്‍ഷത്തെ കൊയ്ത്ത് അവസാനിച്ചതിന്‍റെ വിളംബരമായാണ് ഇങ്ങനെ ചെയ്യുന്നത്.

പുത്തരി

പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വര്‍ഷത്തെ വിളവില്‍ നിന്ന് ഉണ്ടാക്കുന്ന ആദ്യത്തെ അരി ഉപയോഗിച്ചുകൊണ്ട് വീടുകളില്‍ ഉണ്ടാക്കുന്ന വിഭവസമൃദ്ധമായ സദ്യയോടുകൂടിയ ചടങ്ങാണ് പുത്തരി. കാവുകളിലും ക്ഷേത്രങ്ങളിലും പുത്തരി ആഘോഷിക്കാറുണ്ട്.

തെയ്യങ്ങളുടെ കാർഷിക ബന്ധം

മിക്കവാറും എല്ലാ തെയ്യാനുഷ്ടാനങ്ങളിലും കാര്‍ഷിക വിഭവങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്. കൃഷിയുമായി നേരിട്ട് ബന്ധമുള്ള തെയ്യങ്ങളും നിരവധിയുണ്ട്. തറവാട്ട് സ്ഥാനങ്ങളില്‍ മാത്രമല്ല കൃഷിയിടങ്ങളില്‍ത്തന്നെ വിളവ്‌ പൊലിപ്പിക്കാന്‍ ഉറഞ്ഞുതുള്ളുന്ന നിരവധി തെയ്യങ്ങളും ഉണ്ട്. വിത്ത് വിതയ്ക്കുന്ന തെയ്യങ്ങളും മുറവും അരിവാളും എടുത്തു ചുവടുവയ്ക്കുന്ന കുറത്തി തെയ്യവും കാര്‍ഷിക കൂട്ടായ്മയിലെ രോഗശാന്തിക്കായി എത്തുന്ന മാരിതെയ്യവും നെല്ലുകുത്തി തെയ്യം എന്ന പേരില്‍ അറിയപ്പെടുന്ന തൊരക്കാരത്തി തെയ്യവും കാര്‍ഷിക ദേവതയായ ധൂമാവതി ചാമുണ്ഡിയും ഉള്‍പ്പെടെ ഇത്തരം നിരവധി തെയ്യക്കോലങ്ങളെ ഇവയില്‍പ്പെടുത്താവുന്നതാണ്.

ഇതിനും പുറമേ കാര്‍ഷിക അനുഷ്ഠാനവുമായി ബന്ധപ്പെട്ട കലാരൂപങ്ങള്‍ വേറെയും ഉണ്ട്. കോതാമ്മൂരിയാട്ടവും എരുതുകളിയും അത്തരം അനുഷ്ടാനങ്ങളില്‍ ചിലതുമാത്രം.

കോതാമ്മൂരിയാട്ടം

കണ്ണൂര്‍-കാസര്‍ഗോഡ്‌ ജില്ലകളില്‍ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ടാന കലാരൂപമാണ്‌ കോതാമ്മൂരിയാട്ടം. ഉര്‍വരതാനുഷ്ടാനമാണ് കോതാമ്മൂരിയാട്ടം. തുലാം പത്തിനു ശേഷമാണ് കോതാമ്മൂരിയാട്ടം നടത്തുന്നത്. കൊയ്ത്തുകഴിഞ്ഞ് ധനസമൃദ്ധി നേടിയ അവസരമാണിത്. കോതാമ്മൂരി തെയ്യം വാദ്യക്കാരോടൊപ്പം വീടുകള്തോറും ചെല്ലും. ആണ്‍കുട്ടികളാണ് കോതാമ്മൂരി കെട്ടുന്നത്. വിളക്കും നിറനാഴിയും കിണ്ണത്തില്‍ ചുണ്ണാമ്പും കലക്കി കുരുതിവെള്ളവും മുറത്തില്‍ നെല്ലും ഒരുക്കിവെച്ചാണ് വീട്ടുകാര്‍ കോതാമ്മൂരിയെ സ്വീകരിക്കുന്നത്. കോതാമ്മൂരി സംഘം വീട്ടുമുറ്റത്ത് വന്ന് നൃത്തം ചെയ്‌താല്‍ വീട്ടില്‍ സമൃദ്ധിയും ഐശ്വര്യവും ആയുരാരോഗ്യവും ഉണ്ടാകുമെന്നാണ് പഴയകാല വിശ്വാസം.

എരുതുകളി

ആദിവാസി വിഭാഗമായ മാവിലരുടെ ഇടയിലാണ് എരുതുകളിക്ക് പ്രചാരം. എടുപ്പ് കാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കളിയിലെ വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. കാളയെയും വഹിച്ചു മാവിലര്‍ വീടുകള്‍ തോറും കയറിയിറങ്ങും. കളിക്കാര്‍ക്ക് വീട്ടുകാര്‍ സമ്മാനങ്ങള്‍ നല്‍കും. കാര്‍ഷിക സമൃദ്ധിക്കും ഗോസമൃദ്ധിക്കും വേണ്ടിയാണ് എരുതുകളി നടത്തുന്നത്. കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള പോത്തിനെയും കാളകളെയും ഉപയോഗിച്ചുള്ള മത്സരങ്ങള്‍ കാര്‍ഷിക സംസ്കാരത്തിന്‍റെ ഭാഗമായി വേരോടിയ വിനോദ കലാരൂപങ്ങളാണ്.

കൃഷിയുമായി ബന്ധപ്പെട്ട പ്രകൃതി ആചാരങ്ങളും അനുഷ്ടാനങ്ങളും മണ്ണിനോടും പ്രകൃതിയോടും മനുഷ്യനോടുമുള്ള ആരാധനയും വിധേയത്വവും വെളിവാക്കുന്നവയാണ്‌. നമുക്ക് കൃഷി ഒരു അനുഷ്ടാനം കൂടിയായിരുന്നു. വിതച്ചു വിളവെടുക്കുന്നതിനപ്പുറം മനുഷ്യനെ സര്‍ഗ്ഗാത്മക ബോധത്തിലേക്ക് കൂടി നയിക്കുന്ന പ്രക്രിയയായിരുന്നു കൃഷി. ജ്ഞാനപാരമ്പര്യത്തിന് ഊര്‍ജ്ജസ്രോതസ്സുകളായി പ്രകൃതിവിഭവ പരിസരങ്ങള്‍ വര്‍ത്തിച്ചിരുന്നു. ജീവിതത്തിന്‍റെ പുതിയ ചിട്ടപ്പെടുത്തലുകളില്‍ ഈ സ്രോതസ്സുകള്‍ ചിന്നഭിന്നമായികൊണ്ടിരിക്കുകയാണ്. മനുഷ്യന് അന്നം തരുന്നത് മണ്ണും കൃഷിക്കാരനുമാണ്. കൃഷിതന്നെയാണ് നാടോടിക്കഥകള്‍ അടക്കമുള്ള നമ്മുടെ സംസ്കാരത്തിന്‍റെ പ്രധാന സ്രോതസ്സ്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....