നാളെ വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും. എല്ലാ യൂണിറ്റ് അധികാരികൾക്കും ഇതുമായി ബന്ധപ്പെട്ട് കെ എസ് ആർ ടി സി കർശന നിർദ്ദേശം നൽകി.
ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള സർവ്വീസ് സുഗമമാക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കാണ്.
വ്യാജ സന്ദേശങ്ങൾ വേണ്ട, സൈബർ പട്രോളിങ് കർശനം
ഹർത്താലുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. വിജയ് സാഖറെ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പട്രോളിങ് ആരംഭിക്കാൻ നിർദ്ദേശം നൽകി
പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല
ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ നടത്താൻ നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു. അതേസമയം കേരള സർവകലാശാല നാളെ (22.09.2022) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ പരീക്ഷതീയതികൾ പിന്നീട് അറിയിക്കും.


