കെ.കെ.രമ എംഎല്‍എയ്ക്കെതിരേ നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി എം.എം.മണി. ‘ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല’ – എം.എം.മണി നിയമസഭയില്‍ പറഞ്ഞു. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു.
‘ ഇവിടെ ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്കെതിരേ, ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റിനെതിരേ. ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയത് അവരുടെ വിധി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല. അതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം ജനങ്ങളെ പീഡിപ്പിച്ചയാളാണ് ആഭ്യന്ത്രരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തര മന്ത്രിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്നാണ് എന്റെ ആഭിപ്രായം’, – മണി പറഞ്ഞു.
എം.എം.മണിയുടെ പരാമര്‍ശത്തേത്തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷം ബഹളംവെച്ചു. പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനേ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. തുടര്‍ന്ന്, എം.എം. മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാതെ സഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
നാട്ടിലും പ്രതിഷേധം
നിയമസഭയിൽ എം.എം മണി കെ.കെ രമയ്ക്കെതിരെ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് വടകര ഓർക്കാട്ടേരിയിൽ എം.എം മണിയുടെ കോലം കത്തിച്ചു. ആർ.എം.പി.ഐയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എം.എം. മണിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയതിന് ശേഷമാണ് കോലം കത്തിച്ചത്. കെ.കെ. രമയെ ഇല്ലാതാക്കിക്കളയാമെന്ന് സ്വപ്നം കണ്ട് നടക്കണ്ട എന്ന മുദ്രാവാക്യയുമായാണ് പ്രവർത്തകർ സംഘടിച്ചത്.
കൊന്നിട്ടും തീരാത്ത പക- കെ കെ രമ
മുൻമന്ത്രി എം.എം. മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെ.കെ രമ എം.എൽ.എ രംഗത്തെത്തി. കൊന്നിട്ടും തീരാത്ത പകയാണ് സിപിഐഎമ്മിനെന്ന് കെ.കെ രമ എം.എൽ.എ നിയമസഭയ്ക്ക് പുറത്ത് പ്രതികരിച്ചു. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ല ഇവർക്ക്. മുൻമന്ത്രി എം.എം. മണിയുടെ പ്രസ്താവന ഖേദകരമാണ്. പരാമർശം തെറ്റായിപ്പോയെന്ന് പോലും സ്പീക്കറോ മുഖ്യമന്ത്രിയോ പറഞ്ഞില്ലെന്നും രമ വ്യക്തമാക്കി.