സംസ്ഥാന സര്‍ക്കാരിൻ്റെ സ്വപ്‌ന പദ്ധതിയായ കെ-റെയിലിന് അനുമതി നൽകിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതി സംബന്ധിച്ച കേന്ദ്ര സർക്കാർ നിലപാട് വിശദീകരിച്ചത്.
കേരളം നടത്തുന്ന സാമൂഹ്യാഘാത പഠനത്തിന് പ്രത്യേക അനുമതി നല്‍കിയിട്ടില്ലെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്ന വാക്കാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവർത്തിക്കുന്നത്.
സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സർവ്വേക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനു മാത്രമെന്നാണ് റെയിൽവേ മന്ത്രാലയം നിലപാട് അറിയിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമൂഹ്യാഘാത പഠനത്തിനും സര്‍വേയ്ക്കും കേന്ദ്രത്തിന്റെയോ റെയില്‍വേയുടേയോ അനുമതി ഇല്ല. നടക്കുന്ന ഒരു പ്രവര്‍ത്തനത്തിലും കേന്ദ്രത്തിന് ഉത്തരവാദിത്തമില്ല. കെ-റെയില്‍ എന്ന കമ്പനിയുടെ ഉത്തരവാദിത്തത്തിലാണ് ഇതുവരെയുള്ള കാര്യങ്ങള്‍.
സാമൂഹ്യാഘാത പഠനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുളള ഭൂമി ഏറ്റെടുക്കൽ ചോദ്യം ചെയ്തുളള ഹർജികളാണ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരിഗണിക്കുന്നത്. സിൽവർ ലൈനിന് വേണ്ടി സാമൂഹികാഘാത പഠനം നടത്തുന്നതിനായി സർവേ നടത്തുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടും സംസ്ഥാന സർക്കാർ സർവേ തുടരുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി റിപ്പോർട്ട് നൽകാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വികസന പദ്ധതി നഷ്ടമാവുമോ
സംസ്ഥാനത്ത് കെ-റെയില്‍ കുറ്റി സ്ഥാപിക്കലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തൃക്കാക്കരിയില്‍ തോല്‍വിക്ക് ശേഷം കേന്ദ്രം അനുവദിച്ചാല്‍ മാത്രമേ പദ്ധതി നടപ്പിലാകൂ എന്ന് നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു.