കെ-റെയില്‍ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍. പകരം ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെയാണ് സര്‍ക്കാരിന്റെ തിരുത്തല്‍.
സംസ്ഥാനത്തുടനീളം കല്ലിടല്‍ നടന്നപ്പോഴുണ്ടായ സംഘര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്താണ് ജിപിഎസ് സംവിധാനം ഉപയോഗിച്ച് സര്‍വേ നടത്താനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. കല്ലിടലിനെതിരേയുള്ള കടുത്ത പ്രതിഷേധം മറികടക്കാനുള്ള നിര്‍ണായക നീക്കം കൂടിയാണിത്.
കല്ലിടല്‍ സമയത്തുള്ള സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ പോലീസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദല്‍ മാര്‍ഗങ്ങള്‍ വേണമെന്നുമുള്ള ആവശ്യം കെ-റെയില്‍ നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഈ ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുത്താണ് കല്ലിടല്‍ പൂര്‍ണമായും നിര്‍ത്തി പകരം ജിപിഎസ് സംവിധാനത്തിലുള്ള സർവേയിലേക്ക് വന്യൂ വകുപ്പ് തിരിയുന്നത്.