കെ വി തോമസിനെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം.ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഡോ. എ സമ്പത്ത് വഹിച്ചിരുന്ന പദവിയിലാണ് നിയമനം.
5 തവണ ലോകസഭാംഗവും കേന്ദ്ര -സംസ്ഥാന മന്ത്രലസഭകളിൽ അംഗമായിരുന്നു കെ വി തോമസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രചരണത്തിനെത്തിയതോടെ കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലും കെ വി തോമസ് പങ്കെടുത്തിരുന്നു.
കോൺഗ്രസിൽനിന്നും പുറത്താക്കി മാസങ്ങളായെങ്കിലും മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിന് സ്ഥാനങ്ങളൊന്നും നൽകിയിരുന്നില്ല.
പ്രത്യുപകാര പോസ്റ്റുകളിൽ ചോരുന്ന ഖജനാവ്
മുൻപ് ഇതേ പദവിയിൽ ഇരുന്ന സിപിഎം നേതാവ് എ.സമ്പത്തിനായി 20 മാസത്തേക്ക് ചെലവഴിച്ചത് 7.26 കോടി രൂപയാണ്. ഇതിൽ ശമ്പളമായി മാത്രം നൽകിയത് 4.62 കോടി രൂപയാണ്. ഇതു കൂടാതെ താമസം, യാത്ര, അതിഥി സൽക്കാരം എന്നീ ചെലവുകളുമുണ്ട്. ശമ്പളത്തിനു പുറമെ സമ്പത്തിനായി സർക്കാർ ചെലവഴിച്ച തുക ഇങ്ങനെ: യാത്രാ ചെലവുകൾ – 19.45 ലക്ഷം., ഓഫിസ് ചെലവുകൾ – 1.13 കോടി, ആതിഥേയ ചെലവുകൾ – 1.71 ലക്ഷം, വാഹന അറ്റകുറ്റപ്പണി – 1.58 ലക്ഷം, ഇന്ധനം – 6.84 ലക്ഷം, മറ്റു ചെലവുകൾ – 98.39 ലക്ഷം..
ആറ്റിങ്ങലിലെ മുൻ എംപിയായ എ.സമ്പത്തിനെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചത് പ്രതിമാസ ശമ്പളം 92,423 രൂപ അനുവദിച്ചായിരുന്നു. മന്ത്രിമാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളോടെയും സൗകര്യത്തോടെയുമായിരുന്നു നിയമനം. ശമ്പളം, യാത്രാബത്ത, പഴ്സനൽ സ്റ്റാഫ്, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ ഇനങ്ങളിലാണ് 7.26 കോടി രൂപ സമ്പത്തിനായി ചെലവഴിച്ചത്.
2019 ഓഗസ്റ്റിലാണ് എ.സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പദവിയിൽ നിയമിച്ചത്. 20 മാസം സമ്പത്ത് പദവിയിൽ തുടർന്നു. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍ഡ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ്, ഡ്രൈവർ എന്നിവരെ സമ്പത്തിനായി അനുവദിച്ചിരുന്നു. ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷണര്‍ ഓഫിസ് കേന്ദ്രീകരിച്ചാണ് സമ്പത്തിന്റെ ഓഫിസ് പ്രവർത്തിച്ചത്.
വികസനത്തിനായി പ്രവർത്തിക്കും – കെ വി തോമസ്
‘സംസ്ഥാന വികസനത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും’ പദവിയെ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നതായി കെ വി തോമസ് പ്രതികരിച്ചു. സംസ്ഥാന വികസനത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പമാണ്. രാഷ്ട്രീയ കാഴ്ചപ്പാട് വികസനത്തിനൊപ്പമാണെന്നും തോമസ് പറഞ്ഞു. തന്റെ നിയമനം സംസ്ഥാനത്തിന് ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


