മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിൻ്റെ അടിസ്ഥാനത്തിൽ പുറത്ത് വിട്ടു.
കേസിൽ നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കെ സുധാകരൻ മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ കെ സുധാകരൻ രണ്ടാംപ്രതിയാണ്. കെ സുധാകരനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50000 രൂപയുടെ ബോണ്ടിന്റെ മേലിൽ ജാമ്യത്തിൽ വിടണമെന്നാണ് ഇടക്കാല ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞത്.
2021 ൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് വർഷത്തിനിപ്പുറം തന്നെ പ്രതിയാക്കുന്നത് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. കോടതിയിലും ഈ വാദം അദ്ദേഹം ആവർത്തിച്ചു. മോൻസനെ ക്രൈംബ്രാഞ്ച് സംഘം ഭീഷണിപ്പെടുത്തുന്നു, അന്വേഷണത്തോട് സഹകരിക്കാമെന്നും സുധാകരൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
മേൻസനെ തള്ളിപ്പറയാതെ……
”കോടതിയെ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉൾക്കൊള്ളാൻ താൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. ആത്മവിശ്വാസമുണ്ട്. ഈ കേസിൽ എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്നാണ് ചോദ്യംചെയ്യലിന് ശേഷം മനസിലായത്. ആശങ്കയും ഭയപ്പാടുമില്ല. ഏത് പ്രതിസന്ധിയെയും നേരിടും”. മോൻസനെ തള്ളാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മോൻസന് ആജീവനാന്ത ശിക്ഷ ലഭിച്ചുവെന്നും ഇനി അയാൾക്കെതിരെ എന്താണ് ഞാൻ ചെയ്യേണ്ടതെന്നുമായിരുന്നു സുധാകരന്റെ മറു ചോദ്യം.