കോണ്‍ഗ്രസ് എം.പി. കോണ്‍ഗ്രസ് വേദിയില്‍ പ്രതികരിക്കുന്നതില്‍ എന്താണ് വിലക്കെന്ന് ശശി തരൂര്‍. ചോദിച്ചു. കോഴിക്കോട്ട് ബാര്‍ അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കെയാണ് പ്രതികരണം. കോണ്‍ഗ്രസിന്റെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ലെന്ന കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് എം.പി.യുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് തരൂരിന്റെ അഭിപ്രായ പ്രകടനം.
കോണ്‍ഗ്രസിന്റെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യപ്രതികരണങ്ങളും ആരുടെയും ഭാഗത്തുനിന്നുണ്ടാകരുത് എന്നായിരുന്നു തിങ്കളാഴ്ച കെ. സുധാകരന് കര്‍ശന നിര്‍ദേശം നല്‍കിയത്. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനമധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍നിന്ന് നേതാക്കള്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ശശി തരൂരിനെ വിലക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അത് ശശി തരൂര്‍ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും സുധാകരന് തുടർന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.


