കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര പ്രതിയായ ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസ് വിചാരണ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷം വരെ വേണമെന്ന് അവകാശപ്പെട്ട് വിചാരണ കോടതി. വിചാരണ നടക്കുന്ന ലഖിംപൂര്‍ ഖേരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിൽ ഇത്രയും ദൈർഘ്യമേറിയ കാലം ആവശ്യപ്പെട്ടിരിക്കുന്നത്.
208 സാക്ഷികളാണ് കേസിലുള്ളതെന്നും അവരുടെ വിസ്താരവും, എതിര് വിസ്താരവും പൂര്‍ത്തിയാക്കാന്‍ അഞ്ചുവര്‍ഷം വരെ സമയം ആവശ്യമാണെന്നും ആണ് അവകാശം. 171 രേഖകളും, 27 ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമാണ് കേസില്‍ ഉള്ളത്.
എന്നാൽ ഇതിനെതിരെ കേസില്‍ ദൈനംദിന വാദം കേള്‍ക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന് ഇരകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.കേസിലെ സാക്ഷികളില്‍ പലരും ഭീഷണി നേരിടുകയാണെന്നും, മൂന്നുപേര്‍ക്കു നേരെ കൈയേറ്റം ഉണ്ടായതായും പ്രശാന്ത് ഭൂഷണ് കോടതിയെ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
ആശിഷ് മിശ്രയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി ദൈനംദിന വാദം കേള്‍ക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യത്തെ എതിര്‍ത്തു. ആശിഷ് മിശ്ര നല്കിയ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 13-ലേക്ക് മാറ്റി.


