മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷിന് വേണ്ടി അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. നിയമപരമായി നൽകിയ രഹസ്യമൊഴിയുടെ പേരിൽ തെരുവിൽ വെല്ലുവിളിക്കകയാണ്. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനായി എം ആർ അജിത് കുമാർ ഏജന്റിനെ പോലെ പ്രവർത്തിച്ചെന്നാണ് മൊഴി.
തന്നെ നിശബ്ദയാക്കാൻ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വൻ സംഘത്തിന്റെ അന്വേഷണം നടക്കുന്നതായും സ്വപ്ന കുറ്റപ്പെടുത്തി.തനിക്ക് നിയമ സഹായം കിട്ടുന്ന വഴികളെല്ലാം അടക്കാൻ ശ്രമം നടക്കുകയാണ്. താമസിക്കുന്ന ഇടങ്ങളിലടക്കം പൊലീസെത്തി നിരീക്ഷിക്കുകയാണ്.
കേരള പൊലീസിനെ പിൻവലിക്കണമെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സ്വപ്ന ഇക്കാര്യങ്ങൾ അറിയിച്ചത്.
പൊലീസ് സംരക്ഷണം വേണമെന്ന ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. പൊലീസ് സുരക്ഷയ്ക്ക് പകരം ഇഡി സുരക്ഷ ഒരുക്കണമെന്നാണ് കോടതിയിൽ പുതിയതായി ആവശ്യപ്പെട്ടത്.
എന്നാൽ വ്യക്തികൾക്ക് കേന്ദ്ര സുരക്ഷ നൽകുന്നതിൽ പരിമതിയുണ്ട്. കോടതി ഉത്തരവുണ്ടെങ്കിൽ സുരക്ഷ നൽകുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്ന് ഇഡി കോടതിയിൽ മറുപടി നൽകി. ഇതേതുടർന്ന് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.