കേരളത്തിലെ പ്രധാന പാതകളില്‍ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത് 726 ക്യാമറകൾ. 235 കോടിരൂപയാണ് ചെലവ്. 2013ല്‍ ദേശീയ-സംസ്ഥാന പാതകളില്‍ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളില്‍ ഭൂരിപക്ഷവും നിശ്ചലമാണ്. ഇപ്പോൾ പ്രവര്‍ത്തിക്കുന്നത് 97 എണ്ണം മാത്രമാണ്. ഇതിന് പുറമെയാണ് പുതിയവ.
നേരത്തെ ക്യാമറ വെച്ചതും ഇപ്പോള്‍ പുതിയത് സ്ഥാപിക്കുന്നതും കെല്‍ട്രോണാണ്. സ്പീഡ് ക്യാമറകളില്‍ നിന്ന് 2022 വരെ 105 കോടിയാണ് പിഴയായി ലഭിച്ചത്. പുതിയവ മിക്ക നിമയലംഘനങ്ങളും കണ്ടെത്താൻ കഴിയുന്ന തരത്തിലുള്ള ആധുനിക സംവിധാനത്തോടെയുള്ളവയാണ്.
നേരത്തെ അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകൾ ഒപ്പിയെടുത്തിരുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കൽ തുടങ്ങിയവയും പുതിയ 726 ക്യാമറകളിലൂടെ അറിയാനാകും. കേടായ ക്യാമറകള്‍ നന്നാക്കുന്നതിനുള്ള ഉത്തരവാദിത്വം കെല്‍ട്രോണിനായിരിക്കും.


